മലയാള ദിനാഘോഷം വിപുലമാക്കും : ഫയലുകള്‍ മലയാളത്തിലാക്കാന്‍ ഊര്‍ജ്ജിത നടപടി

September 3, 2013 കേരളം

തിരുവനന്തപുരം: മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച പശ്ചാത്തലത്തില്‍ മലയാളദിനാഘോഷം, ഭാഷാ വാരാഘോഷം എന്നിവ വിപുലമാക്കാനും, ഫലയുകള്‍ പരമാവധി മലയാളത്തിലാക്കുന്നത് ഊര്‍ജ്ജിതപ്പെടുത്താനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ഔദ്യോഗികഭാഷാ ഉന്നതതല സമിതി തീരുമാനിച്ചു. അമ്പത് ശതമാനത്തില്‍ താഴെ ഫയലുകള്‍ മലയാളത്തില്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ ഫയലുകള്‍ മലയാളത്തിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ചില വകുപ്പുകളില്‍ കേന്ദ്രസര്‍ക്കാര്‍, കോടതി എന്നിവയുമായി ആശയവിനിമയം നടത്തി വരുന്നതില്‍ ഫയലുകള്‍ ഇംഗ്ലീഷില്‍ കൈകാര്യം ചെയ്യേണ്ടിവരുന്നുണ്ട്. മറ്റുള്ളവ പൂര്‍ണ്ണമായും മലയാളത്തിലാക്കാനും വിവിധ വകുപ്പുകളിലെ സ്ഥിതി നേരിട്ട് വിലയിരുത്താനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മലയാളം ബിരുദപഠനം ഇല്ലാത്തസര്‍ക്കാര്‍ കോളേജുകളില്‍ അത് ആരംഭിക്കണമെന്ന അഭിപ്രായം യോഗത്തിലുയര്‍ന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സര്‍വ്വകലാശാലകള്‍ക്ക് നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിന് ഭാഷാ നിയമം കൊണ്ടുവരണം. വിദ്യാരംഭദിനം മലയാള ഭാഷയുമായി ബന്ധപ്പെടുത്തി ആഘോഷിക്കണം. മലയാളം ബിരുദതലത്തില്‍ പത്രപ്രവര്‍ത്തനം, വീഡിയോഗ്രാഫി എന്നിവയും ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികളെ ഭാഷാപഠനത്തിന് പ്രോത്സാഹിപ്പിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും യോഗത്തിലുയര്‍ന്നു. വീട്ടില്‍ മലയാളം സംസാരിക്കാത്തവരും, പഠനകാലയളവില്‍ മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവരുമായ ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുമ്പോള്‍ മലയാളം പരീക്ഷ ജയിക്കേണ്ട കാലയളവ് ദീര്‍ഘിപ്പിക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു. പാലോട് രവി എം.എല്‍.എ, ജോര്‍ജ്ജ് ഓണക്കൂര്‍, കെ.എല്‍.മോഹനവര്‍മ്മ, ഡോ.ടി.എസ്.ജോയി, ഡോ.എം.ആര്‍.തമ്പാന്‍, ജി.എസ്.ശ്രീകുമാരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം