കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ച പട്ടയങ്ങള്‍ ഉടന്‍ വിതരണം ചെയ്യണം – മുഖ്യമന്ത്രി

September 3, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ മലയോര പട്ടയങ്ങള്‍ ഉടന്‍ വിതരണം ചെയ്യാന്‍ നടപടി ത്വരിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ സമ്മേളന ഹാളില്‍ കൂടിയ യോഗത്തിലാണ് നിര്‍ദ്ദേശം.

തൃശ്ശൂര്‍ ജില്ലയില്‍ 1977 ജനുവരി മുതല്‍ ഭൂമി കൈവശമുള്ളവര്‍ക്ക് പട്ടയം വിതരണം ചെയ്യും. ശേഷിക്കുന്നവയില്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ച് പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അദാലത്ത് നടത്തി രേഖകള്‍ പരിശോധിച്ച് തീര്‍പ്പ് കല്പിക്കണം. നിരസിക്കപ്പെടുന്നവയില്‍ അപ്പീലിനും അവസരം നല്‍കണം. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം.സി.മോഹന്‍ദാസ്, ജില്ലാ കളക്ടര്‍ എം.എസ്.ജയ, എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിന് അയച്ച പട്ടയങ്ങള്‍ സംബന്ധിച്ച തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തണം. വനം വകുപ്പിന്റെ പരിഗണനയിലിരിക്കുന്ന വയില്‍ വനം റവന്യൂ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ.മൊഹന്തി, രാജശേഖരവര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍