വിലനിയന്ത്രണം ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം

September 3, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ഓണക്കാലത്ത് സര്‍ക്കാര്‍ വിപണന കേന്ദ്രങ്ങളില്‍ സാധന ലഭ്യതയും വിലക്കുറവും നിരീക്ഷിച്ച് പൊതു കമ്പോളത്തില്‍ വില നിയന്ത്രണം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. വില നിയന്ത്രണം അവലോകനം ചെയ്യാന്‍ സെക്രട്ടറിയറ്റില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി അനൂപ് ജേക്കബും പങ്കെടുത്തു.

സര്‍ക്കാര്‍ വിപണന കേന്ദ്രങ്ങളില്‍ വില നിലവാരം ഒരു കാരണവശാലും കമ്പോള വിലയിലും കൂടരുത്. സാധനങ്ങള്‍ എത്തിക്കാന്‍ സിവില്‍ സപ്ലൈസിന് കൂടുതല്‍ വാഹനങ്ങള്‍ ആവശ്യമെങ്കില്‍ ഏറ്റെടുക്കണം. സ്റ്റോക്ക് തീരുന്നത് മുന്‍കൂട്ടി നിരീക്ഷിച്ച് ബന്ധപ്പെട്ടവര്‍ അറിയിപ്പ് നല്‍കണം. ഒരു സാഹചര്യത്തിലും സാധനലഭ്യതയില്‍ കുറവ് വരുന്നതിന് ഇടയാവരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സാധനങ്ങള്‍ തീരുന്ന മുറയ്ക്ക് അധികമായി വാങ്ങാന്‍ സംവിധാനം ഏര്‍പ്പെടുത്തണം. ഹോര്‍ട്ടികോര്‍പ്പ് ഇടപെടലിനെതുടര്‍ന്ന് സവാളയുടെ വില നിയന്ത്രിച്ചു നിര്‍ത്താനായതായി യോഗം വിലയിരുത്തി. 27 ഇനം പച്ചക്കറികളുടെ വില കമ്പോള വിലയിലും താഴ്ന്ന നിരക്കില്‍ ഹോര്‍ട്ടികോര്‍പ്പ് നല്‍കിവരുന്നുണ്ട്.

ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബില്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവ പച്ചക്കറികള്‍ വേണ്ടയളവില്‍ കരുതണമെന്നും കമ്പോളവിലയേക്കാള്‍ മുപ്പത് ശതമാനത്തില്‍ താഴ്ന്ന വിലനിരവാരം ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഏതെങ്കിലും പ്രത്യേക ഇനത്തിന് കമ്പോളത്തില്‍ വില ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വിപണന കേന്ദ്രത്തിലൂടെ അവ വിലക്കുറച്ച് ലഭ്യമാക്കണം. കണ്‍സ്യൂമര്‍ഫെഡ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ലഭ്യമാക്കുന്ന ഫണ്ടുകള്‍ കമ്പോളത്തില്‍ ഇടപെട്ട് വിലനിയന്ത്രണം ഉറപ്പാക്കുന്നതിന് മാത്രമെ ഉപയോഗിക്കാവൂ എന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

ഓണത്തിന് ഭക്ഷ്യസുരക്ഷാ വിഭാഗം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി അനൂപ് ജേക്കബ്ബ് നിര്‍ദ്ദേശിച്ചു. ഉച്ചഭക്ഷണത്തിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്ക് ഓണത്തിന് അഞ്ച് കിലോ അരി നല്‍കാന്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി സ്‌പെഷ്യല്‍ സെക്രട്ടറി എ.ഷാജഹാന്‍ അറിയിച്ചു.  ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി ദിനേശ് ശര്‍മ്മ, സപ്ലൈകോ ജനറല്‍ മാനേജര്‍ ജേക്കബ് ജോസഫ്, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരം തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍