വിലനിയന്ത്രണത്തിനേര്‍പ്പെടുത്തിയ നടപടികള്‍ ഫലപ്രദം- മന്ത്രി അനൂപ് ജേക്കബ്

September 3, 2013 കേരളം

തിരുവനന്തപുരം: വിലനിയന്ത്രണത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നടപടികള്‍ ഫലപ്രദമായതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബ് പറഞ്ഞു. ആഗസ്റ്റ് മാസം മുതല്‍ വിലക്കയറ്റത്തില്‍ നിയന്ത്രണം വന്നതായും സപ്ലൈകോ തുടങ്ങിയ വിപണന കേന്ദ്രങ്ങളുടെ ഇടപെടല്‍ വില പിടിച്ചു നിര്‍ത്താന്‍ സഹായകമായതായും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.ബി.പി.എല്‍. കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

മുപ്പത്തിയാറായിരം ടണ്‍ അരി സപ്ലെകോ വഴി മാത്രം വിതരണം നടത്തിയും ഓണം വിപണന മേളകള്‍ ഇക്കുറി 45 ദിവസമാക്കിയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നടപടികള്‍ വില പിടിച്ചു നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഒന്നോ രണ്ടോ സാധനങ്ങള്‍ ലഭ്യമാവാതിരുന്നാല്‍ അത് പെരുപ്പിച്ച് കാട്ടി വിമര്‍ശിക്കുന്നത് ശരിയല്ല. ഓണം മേളകളില്‍ എത്തിയ ജനക്കൂട്ടം തന്നെ സര്‍ക്കാര്‍ നടപടികള്‍ നെഞ്ചിലേറ്റിയതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ എം.ഡി. ശ്യാം ജഗന്നാഥന്‍ അധ്യക്ഷത വഹിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം