നിയമന തട്ടിപ്പിലെ മുഖ്യപ്രതി അഭിലാഷ്‌ പിള്ള കീഴടങ്ങി

December 7, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: വ്യാജരേഖകള്‍ ഉപയോഗിച്ച്‌ പി.എസ്‌.സി നിയമനം നടത്തിയ കേസിലെ മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി അഭിലാഷ്‌ പിള്ള കൊച്ചിയില്‍ കീഴടങ്ങി. തട്ടിപ്പിലെ മറ്റൊരു ഇടനിലക്കാരനായ സൂരജ്‌ കൃഷ്‌ണയോടൊപ്പമാണ്‌്‌ അഭിലാഷ്‌ കീഴടങ്ങിയത്‌. ഇരുവരെയും ഈ മാസം 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തു. എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി രണ്ടില്‍ മൂന്ന്‌ മണിക്കുശേഷം അഭിഭാഷകരോടൊപ്പം എത്തി ഇരുവരും കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ രണ്ട്‌ ദിവസമായി കേസില്‍ അഭിലാഷിനെ പോലീസ്‌ തേടിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു കീഴടങ്ങല്‍.
കൊച്ചി പോലീസിനോ മറ്റോ ഇതേക്കുറിച്ച്‌ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തട്ടിപ്പിനിരയായ അഞ്ചല്‍ സ്വദേശി ജ്യോതിയില്‍ നിന്നും മറ്റും പണം വാങ്ങിയത്‌ അഭിലാഷായിരുന്നു. കളക്‌ ട്രേറ്റിലെ എവണ്‍ യു ഡി ക്‌ളാര്‍ക്കായിരുന്നു അഭിലാഷ്‌. അഭിലാഷ്‌ വഴിയാണ്‌ നിയമനങ്ങള്‍ നടന്നതെന്നാണ്‌ ഇതുവരെ ലഭ്യമായ വിവരം. അഭിലാഷിന്റെ കീഴടങ്ങലോടെ കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ്‌ കരുതുന്നത്‌. ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാളെ അപേക്ഷ നല്‍കുമെന്ന്‌ പോലീസ്‌ അറിയിച്ചു. അതേസമയം ഉന്നതങ്ങളില്‍ നിന്നുളള സമ്മര്‍ദഫലമായാണ്‌ അഭിലാഷ്‌ കീഴടങ്ങിയതെന്നും സൂചനയുണ്ട്‌. അഭിലാഷിന്റെ അമ്മാവന്റെ മകനാണ്‌ സൂരജ്‌ കൃഷ്‌ണ.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം