ഭക്ഷ്യസുരക്ഷാ പരിശോധന വ്യാപകമാക്കും – മന്ത്രി വി.എസ്. ശിവകുമാര്‍

September 4, 2013 കേരളം

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് അന്യസംസ്ഥാനങ്ങളില്‍നിന്നും മായം ചേര്‍ത്തതോ ഗുണനിലവാരമില്ലാത്തതോ ആയ ഭക്ഷ്യവസ്തുക്കള്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി കേരളത്തിലെത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പ് സെക്രട്ടറി ഇളങ്കോവന്‍, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ബിജു പ്രഭാകര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എഞ്ചിന്‍ ഓയില്‍ വൈറ്റ് ഓയിലാക്കി മാറ്റി വെളിച്ചെണ്ണയില്‍ കലര്‍ത്തുന്നതായുള്ള പരാതിയെത്തുടര്‍ന്ന് ചെക്ക്‌പോസ്റ്റുകള്‍വഴി വരുന്ന വെളിച്ചെണ്ണയുടെ സാമ്പിളുകള്‍ ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികളെത്തുടര്‍ന്ന് പാലക്കാട് ജില്ലയിലെ ഒരു സ്വകാര്യസ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് ചൊവ്വാഴ്ച  അടച്ചുപൂട്ടി. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പാലിന്റെ ഗുണനിലവാര പരിശോധനയും ചെക്ക്‌പോസ്റ്റുകളില്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് കേരളത്തിലേക്ക് കൊണ്ടുവന്ന പാലില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയതായി കണ്ടെത്തിയിരുന്നു. നെയ്യ്, ശര്‍ക്കര, മുളകുപൊടി, പഴം, പച്ചക്കറി, പായസം മിക്‌സ്, അച്ചാറുകള്‍, ഇറച്ചി, കശുവണ്ടി മുതലായവയുടെയെല്ലാം സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ ശേഖരിച്ച് ലബോറട്ടറികളില്‍ പരിശോധിക്കുന്നതിനാവശ്യമായ നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. ഭക്ഷ്യസാമ്പിളുകളുടെ പരിശോധനയ്ക്ക് സര്‍വ്വകലാശാലകളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന ലാബുകളുടെ സേവനംകൂടി ഇത്തവണ പ്രയോജനപ്പെടുത്തും. 

സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രത്യേക പരിശോധനകളില്‍ ഓരോ ഭക്ഷ്യവസ്തുവിന്റെയും ആയിരത്തിലധികം സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുക. ഭക്ഷ്യസുരക്ഷാ വകുപ്പ്, നിലവില്‍വന്നശേഷം ഇത്രയും വിപുലമായ ഭക്ഷ്യസുരക്ഷാ പരിശോധന സംഘടിപ്പിക്കുന്നത് ആദ്യമാണ്. പുതിയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കുറ്റക്കാര്‍ക്കെതിരെ 10 ലക്ഷം രൂപവരെ പിഴ ചുമത്തുവാനും ജീവപര്യന്തം തടവിന് ശിക്ഷിക്കുവാനും വ്യവസ്ഥയുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം