ജില്ലയില്‍ ഡെങ്കിപ്പനി നിയന്ത്രണത്തിന് പ്രത്യേക കര്‍മ്മപദ്ധതി : മന്ത്രി വി.എസ്. ശിവകുമാര്‍

September 4, 2013 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ആഗസ്റ്റ് മാസം ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 25 പ്രദേശങ്ങളില്‍ ഡെങ്കിപ്പനി നിയന്ത്രണത്തിന് രണ്ടാഴ്ചത്തെ പ്രത്യേക കര്‍മ്മപദ്ധതി ഉടന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. കൊതുകിന്റെ ഉറവിടനശീകരണം, ഫോഗിംഗ്, ഇന്‍ഡോര്‍ സ്‌പേസ് സ്‌പ്രേ എന്നിവ വിപുലമാക്കിക്കൊണ്ടുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ 38 മെഷീനുകളും നഗരസഭയുടെ 26 മെഷീനുകളും ഉപയോഗിച്ചാണ് ഫോഗിംഗ് നടത്തുക. മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഡോക്ടറുടെ സേവനംകൂടി ഡെങ്കിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമാക്കും. ഡെങ്കിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 48 മണിക്കൂറിനകം കൊതുകുകളുടെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വീടുകളിലും സ്ഥാപനങ്ങളിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടങ്ങളിലും കൊതുകുപെരുകുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചാല്‍ പൊതുജനാരോഗ്യ നിയമപ്രകാരം നടപടി സ്വീകരിക്കും. ഡെങ്കിപ്പനി കൂടുതലായി കാണപ്പെട്ട ബാലരാമപുരം, പള്ളിച്ചല്‍, കല്ലിയൂര്‍, കരകുളം, വിഴിഞ്ഞം മുതലായ പതിനൊന്ന് പ്രദേശങ്ങളില്‍ പനി നിയന്ത്രണവിധേയമായിട്ടുണ്ട്. എങ്കിലും പനിയുടെ വ്യാപനം കുറയ്ക്കാനും വരും മാസങ്ങളില്‍ കൂടാതിരിക്കാനും ആവശ്യമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. നഗരസഭാ വാര്‍ഡുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്ലാത്ത 40 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട പാളയം, പേരൂര്‍ക്കട, മുട്ടട, തൈക്കാട്, തിരുമല, വഞ്ചിയൂര്‍, കരമന, തമ്പാനൂര്‍, കണ്ണമ്മൂല, വള്ളക്കടവ്, കുന്നുകുഴി, മെഡിക്കല്‍ കോളേജ് എന്നീ ഹൈ റിസ്‌ക് പ്രദേശങ്ങളില്‍, നഗരസഭാ ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തില്‍ കൊതുകുനിയന്ത്രണം ഊര്‍ജ്ജിതപ്പെടുത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുള്ള 60 നഗരസഭാ വാര്‍ഡുകളിലെ വേളി, വട്ടിയൂര്‍ക്കാവ്, കടകംപള്ളി, തിരുവല്ലം, വിഴിഞ്ഞം മുതലായ 13 ഹൈ റിസ്‌ക് പ്രദേശങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് ഡെങ്കിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം