എം.ജി സര്‍വകലാശാല വി.സിയെ നീക്കണം

September 4, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ പിടിയിലായിട്ട് പതിറ്റാണ്ടുകളായി. യു.ഡി.എഫ് ഭരണത്തില്‍ എപ്പോഴും മുസ്ലീം ലീഗ് തന്നെയാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇതിന്റെ ഫലം. യു.ഡി.എഫിലെ ലീഗ് കഴിഞ്ഞാല്‍ വലിയ കക്ഷിയായ കേരളാ കോണ്‍ഗ്രസ്സിനും ആവോളം ലഭിക്കുന്നുണ്ട്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ പോലും യോഗ്യതയുടെ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഇഷ്ടക്കാരെ നിയമിക്കുക എന്ന തത്വദീക്ഷയില്ലാത്ത നടപടിയാണ് കോട്ടയം ആസ്ഥാനമായ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നടന്നത്. ഇത് വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയവല്‍ക്കരണത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും ഒടുവിലത്തെ ഉദാഹരണമാണ്.

വൈസ് ചാന്‍സലറാകാന്‍ വേണ്ട യോഗ്യത ഇല്ലാതിരുന്നിട്ടും കേരളാ കോണ്‍ഗ്രസ് നോമിനി എന്നനിലയില്‍ ഡോ. എ.വി. ജോര്‍ജ്ജ് ആ സ്ഥാനത്ത് എത്തുകയായിരുന്നു. നിയമന സമയത്തുതന്നെ ഇതു സംബന്ധിച്ച വിവാദമുയര്‍ന്നിരുന്നു. എന്നാല്‍ വി.സിയുടെ നിയമനത്തിനെതിരെ കേരളാ സര്‍വകലാശാല സെനറ്റ് അംഗം വി.ആര്‍. ബിജു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. കോടതിയില്‍ സമര്‍പ്പിക്കാനുള്ള സത്യവാങ്മൂലം തയ്യാറാക്കുന്ന പണിപ്പുരയിലാണ് സര്‍ക്കാര്‍ ഇപ്പോള്‍. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്കു നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് എ.വി. ജോര്‍ജ്ജിന് വൈസ് ചാര്‍സലര്‍ ആകാനുള്ള യോഗ്യതയില്ലെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുള്ളത്.

മികച്ച അക്കാദമിക് വൈദഗ്ദ്ധ്യവും പ്രൊഫസറായുള്ള അദ്ധ്യാപന പരിചയവുമാണ് വി.സി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള യോഗ്യത. അതേസമയം ഡോ. ജോര്‍ജ്ജ് എയ്ഡഡ് കോളജിലെ അസോസിയറ്റ് പ്രൊഫസര്‍ മാത്രമായിരുന്നു. കേന്ദ്ര സര്‍വകലാശാലയില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചു എന്നത് ബയോഡാറ്റയില്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. എന്നാല്‍ നിമയനം നടന്നപ്പോള്‍ അദ്ദേഹം അവിടെ അദ്ധ്യാപകനല്ലായിരുന്നു. വി.സി. നിയമനത്തിനുള്ള പേരു നിര്‍ദ്‌ദേശിക്കാനുള്ള സമിതിയിലെ യു.ജി.സി അംഗം ഡോ. അനന്തകൃഷ്ണന്‍, ജോര്‍ജ്ജിനെ വി.സി ആയി നിയമിക്കുന്നതിനുള്ള യോഗ്യത ഇല്ലെന്ന് വ്യക്തമാക്കി വിയോജനക്കുറിപ്പ് നല്‍കിയിരുന്നു. സമിതി ശുപാര്‍ശചെയ്ത മൂന്നുപേരില്‍ മൂന്നാമനായിരുന്നു ജോര്‍ജ്ജ്. എന്നാല്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ പേരില്‍ സര്‍ക്കാരിന്റെ ശുപാര്‍ശ മാനിച്ച്  ജോര്‍ജിനെ ഗവര്‍ണര്‍ വി.സി ആയി നിയമിക്കുകയായിരുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയെപ്പോലും തങ്ങളുടെ വരുതിയിലാക്കിക്കൊണ്ട് ഇഷ്ടക്കാരെ നിയമിക്കാനുള്ള വേദിയാക്കുന്ന ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ നാണംകെട്ട നാടകമാണ് എം.ജി സര്‍വകലാശാലയില്‍ അരങ്ങേറിയത്. മാത്രമല്ല ഒട്ടേറെ വിവാദ നടപടികളും ഒരു ചെറിയ കാലയളവിനുള്ളില്‍ വി.സിയുടെ ഭാഗത്തുനിന്നുമുണ്ടായി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ 56 തസ്തികകള്‍ സൃഷ്ടിച്ചതിന് ഗവര്‍ണര്‍ വി.സിയോട് വിശദീകരണം തേടിയിരിക്കുയാണ്. മാത്രമല്ല, യു.ജി.സിയുടെയും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായി എഴുപത്തിയേഴ് ഓഫ് ക്യാമ്പസ് സെന്ററുകള്‍ അനുവദിച്ചതിനെക്കുറിച്ചും ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്.

സ്വാമി വിവേകാനന്ദന്റെ നൂറ്റിയന്‍പതാം ജയന്തി ലോകവ്യാപകമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി എം.ജി സര്‍വകലാശാലയില്‍ ആരംഭിച്ച വിവേകാനന്ദ ചെയര്‍ നിര്‍ത്തലാക്കാനുള്ള ശ്രമത്തിനു പിന്നിലും വി.സിയുടെ കരങ്ങളുണ്ട്. ഇതില്‍നിന്നൊക്കെത്തന്നെ ന്യൂനപക്ഷവര്‍ഗ്ഗീയതയുടെ വക്താവാണ് ഡോ. എ.വി ജോര്‍ജ്ജ് എന്ന് വ്യക്തമാണ്. വൈസ് ചാന്‍സലര്‍ പോലെ ഉന്നത പദവിയിലിരുന്നുകൊണ്ട് രാഷ്ട്രീയക്കാരെപ്പോലെ സംസാരിക്കാനും അദ്ദേഹത്തിന് യാതൊരു മടിയുമില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ ആരോപണങ്ങളുന്നയിക്കാനും അദ്ദേഹത്തിന് യാതൊരു മനസാക്ഷിക്കുത്തുമില്ല. തന്നോട് വ്യക്തിവൈരാഗ്യമുള്ളതുകൊണ്ടാണ് തനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതെന്നു പറഞ്ഞുകൊണ്ട് പ്രശ്‌നത്തില്‍നിന്ന് ഒളിച്ചോടാനാണ് ഡോ. എ.വി. ജോര്‍ജ്ജ് ശ്രമിക്കുന്നത്.

വൈസ് ചാന്‍സലര്‍ പോലുള്ള ഉന്നത പദവികളിലെ നിയമനം രാഷ്ട്രീയ താല്‍പര്യത്തിനതീതമായി കഴിവിന്റെയും മെരിറ്റിന്റെയും അടിസ്ഥാനത്തില്‍ മാത്രം നടത്തേണ്ടതാണ്. ഉന്നത വിദ്യാഭ്യാസ രംഗം തന്നെ നിലവാരത്തകര്‍ച്ച നേരിടുന്ന കാലഘട്ടത്തില്‍ യോഗ്യത ഇല്ലാത്തവര്‍ രാഷ്ട്രീയ ബാന്ധവത്തിന്റെ പേരില്‍ വൈസ് ചാന്‍സലര്‍ പദവിയിലെത്തിയാല്‍ കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം എവിടെയെത്തുമെന്ന് ഊഹിക്കാവുന്നതേയുള്ളു. നാളത്തെ തലമുറയെ വാര്‍ത്തെടുക്കേണ്ട വിദ്യാഭ്യാസ രംഗത്തുനിന്നെങ്കിലും വര്‍ഗീയ താല്‍പര്യം ഒഴിവാക്കാതെ രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ അത് ഭാവി തലമുറയോടു ചെയ്യുന്ന അപരാധമായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍