ഓണം കായികമേള: സെപ്റ്റംബര്‍ എട്ടിന് ഉദ്ഘാടനം

September 4, 2013 കായികം

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായിട്ടുളള ഓണം കായികമേള സെപ്റ്റംബര്‍ 8 ന് ആരംഭിക്കും. ശംഖുമുഖത്ത് സെപ്റ്റംബര്‍ 8 ന് ബീച്ച് ഹാന്റ്‌ബോള്‍, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുളള ബീച്ച് റണ്‍, ബീച്ച് വടംവലി എന്നിവ സംഘടിപ്പിക്കും. ഫുട്‌ബോള്‍ പ്രാഥമിക റൗണ്ട് വിഴിഞ്ഞം, ബീമാപളളി, പേരൂര്‍ക്കട, മേനംകുളം എന്നിവിടങ്ങളിലായി 8, 9, 10 തീയതികളിലും ഫൈനല്‍ റൗണ്ട് 11, 12 തീയതികളിലും നടക്കും. വോളിബോള്‍ ഗാന്ധിപുരം പേരൂര്‍ വോളിബോള്‍ ക്ലബ്ബില്‍ സെപ്റ്റംബര്‍ 9, 10 നും കബഡി മത്സരം കന്യാകുളങ്ങരയില്‍ സെപ്റ്റംബര്‍ 11 നും നടക്കും. സെപ്റ്റംബര്‍ 12 ന് കനകക്കുന്ന് കവാടത്തില്‍ പുരുഷന്‍മാര്‍ക്കുളള തലയണയടി, സാക്‌റൈസ്, ഉറിയടി എന്നിവയും സ്ത്രീകള്‍ക്കായി കസേരകളി മത്സരവും നടക്കും. സെപ്റ്റംബര്‍ 13 വൈകീട്ട് നാല് മണിക്ക് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും ആയിരത്തിലധികം കായിക താരങ്ങള്‍ അണിനിരക്കുന്ന ഓണം വിളംബരഘോഷയാത്ര കനകക്കുന്നിലേയ്ക്ക് ആരംഭിക്കും. തുടര്‍ന്ന് കനകക്കുന്നു കവാടത്തില്‍ ഗുസ്തി, ജിംനാസ്റ്റിക്, തൈയ്ക്വാണ്ടോ, കരാട്ടെ, കളരി, ബോക്‌സിങ്, ഫെന്‍സിങ് എന്നീ പ്രദര്‍ശന മത്സരങ്ങളും ഉണ്ടായിരിക്കും. കനകക്കുന്നില്‍ 12 ന് നടക്കുന്ന മത്സരങ്ങള്‍ക്ക് പങ്കെടുക്കുന്ന സ്‌പോട്ട് എന്‍ട്രിയും മറ്റുളള ഇനങ്ങള്‍ക്കുളള ടീം എന്‍ട്രികളും സെപ്റ്റംബര്‍ ആറിനകം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നല്‍കണം. വിശദവിവരങ്ങള്‍ക്ക് 9447461610, 9495124087, 0471 2331720.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം