പുരോഗതിയുടെ ഫലം ജനങ്ങള്‍ക്ക് അവകാശപ്പെട്ടത് – സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍

September 4, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: പുരോഗതിയുടെ ഫലം ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും രാജ്യം പുരോഗമിക്കുമ്പോള്‍, ജനങ്ങളും പുരോഗമിക്കണമെന്നും ഈ രംഗത്തെ അസന്തുലിതാവസ്ഥ നമ്മുടെ ജനാധിപത്യത്തിന് ഭീഷണിയാണെന്നും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. വിഭവങ്ങളുടെ അഭാവമല്ല, അത് വീതിക്കുമ്പോള്‍ സംഭവിക്കുന്ന അപാകതയാണ് ഇതിന് കാരണമെന്നും സ്പീക്കര്‍ പറഞ്ഞു.

സൗത്ത് ആഫ്രിക്കയില്‍ ജൊഹാനസ്ബര്‍ഗില്‍ നടക്കുന്ന 59-മത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍, ‘വിഭവങ്ങളുടെ അസന്തുലിത വീതം വെക്കല്‍ ജനാധിപത്യത്തിന് ഭീഷണി’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിഭവങ്ങള്‍, എല്ലാ ജനങ്ങള്‍ക്കും തുല്യമായി അവകാശപ്പെട്ടതാണെന്നും, അത് വീതം വെക്കുമ്പോള്‍, അപാകത സംഭവിക്കാന്‍ പാടില്ലെന്നും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. കേരളത്തില്‍ നടപ്പാക്കിയ ഭൂപരിഷ്‌ക്കരണ നിയമങ്ങള്‍, ഭൂമി വീതം വെക്കുന്ന കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂമി മാത്രമല്ല, വിദ്യാഭ്യാസം പോലും തുല്യനീതിയോടെ വീതം വയ്ക്കാന്‍ നമുക്ക് സാധിക്കുന്നില്ലെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യ വ്യവസ്ഥിതിയില്‍, സന്തുഷ്ടരായ ജനത്തിന് പ്രഥമ സ്ഥാനമാണുള്ളത്. ഈ സ്ഥാനം നഷ്ടപ്പെടുത്തുന്ന രീതിയിലാണ്, നമ്മുടെ വിഭവങ്ങള്‍ വീതം വെയ്ക്കപ്പെടുന്നതെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു. എല്ലാ ജനങ്ങളും തുല്യനീതി അനുഭവിക്കുമ്പോള്‍, ജനാധിപത്യം പൂര്‍ണ്ണ വിജയത്തിലെത്തിയതായി കണക്കാക്കാമെന്നും സ്പീക്കര്‍ പറഞ്ഞു. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പാര്‍ലമെന്റ്, നിയമസഭാ സ്പീക്കര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. 59-മത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി സമ്മേളനം ആറിന് സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍