കണ്ണൂര്‍ വിമാനത്താവളം: ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാര്‍ ഗാരന്റി

September 5, 2013 കേരളം

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള പദ്ധതിയ്ക്കായി മൂന്നാംഘട്ടത്തില്‍ 783 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം മുഖ്യ ശാഖയില്‍ നിന്ന് വായ്പ എടുക്കുന്നതിന് കിന്‍ഫ്രയ്ക്ക് 310 കോടി രൂപയുടെ സര്‍ക്കാര്‍ ഗാരന്റി നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചതായി എയര്‍പോര്‍ട്ടുകളുടെ ചുമതലയുള്ള മന്ത്രി കെ. ബാബു അറിയിച്ചു. വര്‍ഷം

10.4 ശതമാനം പലിശയ്ക്കാണ് 310 കോടി രൂപ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് വായ്പയെടുക്കുന്നത്. നിശ്ചിത നാലു വര്‍ഷത്തിനകം ഭൂമി വിറ്റുകിട്ടുന്നതില്‍ നിന്നും കിന്‍ഫ്ര പലിശയുള്‍പ്പെടെ വായ്പ തുക തിരിച്ചടയ്ക്കണം. ഇതുമായി ബന്ധപ്പെട്ട എല്ലാ ബാദ്ധ്യതകളും ഭൂമി കൈമാറ്റത്തിനു മുമ്പായി കിന്‍ഫ്ര അവസാനിപ്പിക്കണം. ഗാരന്റി പത്രം ഒപ്പിടുന്നതിനു മുമ്പായി ഗാരന്റിയിന്മേലുള്ള കുടിശിക തീര്‍ക്കണമെന്നും അറിയിച്ചു. പദ്ധതിയ്ക്ക് ആവശ്യമുള്ള 2000 ഏക്കര്‍ ഭൂമിയില്‍ 1200 ഓളം ഏക്കര്‍ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. ബാക്കി 783 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് ഈ മന്ത്രിസഭാ തീരുമാനം. ഭൂമി ഏറ്റെടുക്കുന്നതിന് കിന്‍ഫ്രയെയാണ് നോഡല്‍ ഏജന്‍സിയായി നിയമിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം