എന്‍ജിനീയറിങ് ഡിഗ്രിക്കാര്‍ക്ക് അവസരം

September 5, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുളള ഒഴിവുകളിലേക്ക് ഗ്രാജുവേറ്റ് അപ്രന്റീസുകളെ തെരഞ്ഞെടുക്കന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങും സംസ്ഥാന സാങ്കതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്ററും സംയുക്തമായി അപ്രന്റീസ് ട്രെയിനികളുടെ ഇന്റര്‍വ്യൂ നടത്തുന്നു.

കളമശ്ശേരി ഗവ.പോളിടെക്‌നികില്‍ സെപ്തംബര്‍ 28 നും തിരുവനന്തപുരം ഗവ.വിമന്‍സ് പോളിടെക്‌നിക്കില്‍ നവംബര്‍ 16 നും കോഴിക്കോട് ഹസ്സന്‍ ഹാജി മെമ്മോറിയല്‍ ജെ.ഡി.ടി ഇസ്ലാം പോളിടെക്‌നികില്‍ നവംബര്‍ 30നുമാണ് ഇന്റര്‍വ്യൂ. എന്‍ജിനീയറിങ് ഡിഗ്രിക്കാര്‍ക്ക് യോഗ്യത നേടി മൂന്ന് വര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കും) ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കുറഞ്ഞത് 3560 രൂപ പ്രതിമാസം സ്റ്റൈപന്റായി ലഭിക്കും. ട്രെയിനിങിന് ശേഷം കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തില്‍ തൊഴില്‍ പരിചയമായി പരിഗണിച്ചിട്ടുണ്ട്. ട്രെയിനിങ് കാലത്തുള്ള പ്രാവീണ്യം കണക്കിലെടുത്ത് ഭൂരിഭാഗം വരുന്ന പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങള്‍ സ്ഥിരം ജോലിക്കും അവസരമൊരുക്കുന്നു.

സര്‍ട്ടിഫിക്കറ്റുകളുടേയും മാര്‍ക്ക്‌ലിസ്റ്റുകളുടെയും അസലും മൂന്ന് പകര്‍പ്പുകളും വിശദമായ ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പുകളും സഹിതം നിശ്ചിത ദിവസം രാവിലെ ഒന്‍പത് മണിക്ക് തെരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ ഹാജരാകണം. സൂപ്പര്‍വൈസറി ഡവലപ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ രജിസ്‌ട്രേഷന്‍ കാര്‍ഡും കൊണ്ടുവരണം. രജിസ്റ്റര്‍ ചെയ്യാത്ത എന്‍ജിനീയറിങ് ഡിഗ്രി പാസായ കുട്ടികള്‍ 50 രൂപ (എസ്.സി/എസ്.ടി 25 രൂപ) സെലക്ഷന്‍ സെന്ററില്‍ അടച്ച് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2556530 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍