പോലീസേ, കേരളം ലജ്ജിക്കുന്നു

September 5, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ആനയറ വേള്‍ഡ് മാര്‍ക്കറ്റിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാണിച്ചു എന്നതിന്റെ പേരില്‍ ഇടതുമുന്നണി പ്രവര്‍ത്തകനായ ജയപ്രസാദിനു നേരെയുണ്ടായ പോലീസിന്റെ കിരാത നടപടി കണ്ട് കേരളം ഞെട്ടിത്തരിച്ചിരിക്കുകയാണ്. രാഷ്ട്രീയം ഏതായാലും പോലീസിന്റെ ഈ ക്രൂരത മൃഗീയമെന്ന വാക്കില്‍പ്പോലും ഒതുങ്ങുന്നതല്ല. കേരളം അടുത്തകാലത്തൊന്നും കാണാത്ത സമാനതകളില്ലാത്ത നടപടിയാണ് ഒരു ചെറുപ്പക്കാരുനുനേരെ പോലീസ് കൈക്കൊണ്ടത്.

ഇന്നലെത്തന്നെ ദൃശ്യമാധ്യമങ്ങളിലൂടെ ഈ നടപടി ജനങ്ങള്‍ കണ്ടിരുന്നു. ഇന്ന് പത്രങ്ങളില്‍ ആ ദൃശ്യങ്ങള്‍ വന്നതോടെയാണ് ഭീകരത കൂടുതല്‍ ബോധ്യപ്പെട്ടത്. പ്രബുദ്ധത അവകാശപ്പെടുന്ന കേരളത്തിലെ പോലീസിന് ഇങ്ങനെ പെരുമാറാന്‍ കഴിയുമോ എന്ന് സംശയിച്ചുപോവുകയാണ്. ആ യുവാവിന്റെ ജനനേന്ദ്രിയത്തിനെ കൈകൊണ്ടും ലാത്തികൊണ്ടും തകര്‍ക്കുന്ന കാഴ്ച ഞെട്ടലുണ്ടാക്കുന്നതാണ്. പണ്ടൊക്കെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലീസ് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നത് നമുക്ക് കേട്ടുകേഴ്‌വി മാത്രമാണ്. പൂന്തുറ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ സി.എസ്. വിജയദാസാണ് ഈ കിരാത കൃത്യത്തിന് നേതൃത്വം നല്‍കിയത്. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ജനാധിപത്യ വ്യവസ്ഥയില്‍ പ്രതിഷേധിക്കാനുള്ള അവകാശത്തെ ആര്‍ക്കും നിഷേധിക്കാനാവില്ല. സോളാര്‍ വിഷയത്തില്‍ സംശയത്തിന്റെ പുകപടലത്തിനുള്ളില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ സമരത്തിനെത്തിയത്. ധാരാളം പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതുകാരണം വന്‍ പോലീസ് സംഘം അവരെ നേരിടാനെത്തിയിരുന്നു. ഇതിനിടയില്‍ ജയപ്രസാദ് പോലീസിന്റെ കണ്ണുവെട്ടിച്ച് കരിങ്കൊടി കാട്ടിയതാണ് പിന്നീടുള്ള നടപടിക്ക് കാരണമായത്. അതിശക്തമായി ജനനേന്ദ്രിയത്തില്‍ ചവിട്ടുന്നത് ദൃശ്യമാധ്യമങ്ങള്‍ കാട്ടിയിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ ഏറെ കോലാഹലമുയര്‍ത്തിയിരിക്കുന്ന ക്രൂരത പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് പോലീസ് സേനയുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. എന്നാല്‍ ഇവിടെ ഒരു പൗരന്റെ ജീവനുനേരെയാണ് പോലീസ് കൈവച്ചിരിക്കുന്നത്. ഇത്തരം പോലീസുകാരനുനേരെ സസ്‌പെന്‍ഷന്‍ നടപടി മാത്രം പോര. ഇയാളെ സേനയില്‍നിന്നുതന്നെ പിരിച്ചുവിട്ടുകൊണ്ട് കൊലപാതകശ്രമത്തിന് കേസെടുക്കുകയും തുറുങ്കിലടയ്ക്കുകയും വേണം. ഈ കിരാത നടപടിക്കെതിരെ വി.എം. സുധീരന്‍, കെ. മുരളീധരന്‍, ടി.എന്‍. പ്രതാപന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതുതന്നെ ഇതിന്റെ ഗൗരവം എത്രയാണെന്നു വ്യക്തമാക്കുന്നു. മനുഷ്യാവകാശ കമ്മിഷനും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.

എന്തിന്റെ പേരിലായാലും പോലീസുകാരെ ഇത്തരത്തില്‍ കയറൂരിവിടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ സംഭവത്തിന്റെ പേരില്‍ ആഭ്യന്തരമന്ത്രിയോ മുഖ്യമന്ത്രിയോ ഇതുവരെ പ്രതികരിച്ചില്ല എന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. പ്രതിഷേധക്കാരനായ ജയപ്രസാദ് സി.പി.എമ്മിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്ന ആളാകാം. എന്നാല്‍ അയാളുടെയും ജീവന്‍ സംരക്ഷിക്കാന്‍ ഭരണഘടനാപരമായി ബാധ്യതയുള്ള സ്ഥാനത്താണ് ഇരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മറന്നുപോകരുത്.

സാക്ഷരതയിലും പ്രബുദ്ധതയിലും മുന്നില്‍നില്‍ക്കുന്നു എന്ന് ഊറ്റംകൊള്ളുന്ന കേരളീയരുടെ തൊലി ഉരിഞ്ഞുപോയ ഒരു ദിനമാണ് ഇന്നലത്തേത്. പോലീസുകാര്‍ക്കിടയിലെ ക്രിമിനല്‍വല്‍ക്കരണത്തിന്റെ പ്രതിഫലനം കൂടിയാണ്  ഈ സംഭവം. ഇതുപോലുള്ള ക്രൂരവും ലജ്ജാകരവുമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെക്കതിരെ കര്‍ശനവും ശക്തവുമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരു നിമിഷംപോലും വൈകിക്കൂട.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍