വയനാട്‌ കളക്‌ടറെ സസ്‌പെന്‍ഡ്‌ ചെയ്‌തു

December 8, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട്‌ വയനാട്‌ ജില്ലാ കളക്‌ടര്‍ ടി ഭാസ്‌കരനെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ കെ.ആര്‍.മുരളീധരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. നിയമന തട്ടിപ്പ്‌ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്‌ എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെയും ചുമതലപ്പെടുത്തി. ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇനി മുതല്‍ സ്ഥിരനിയമനങ്ങള്‍ക്ക്‌ മുന്‍പ്‌ ഉദ്യോഗാര്‍ഥികള്‍ പി.എസ്‌.സിയുടെ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്‌ കൂടി ഹാജരാക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.
നിയമനത്തിലെ ക്രമക്കേട്‌ സംബന്ധിച്ച പരാതി കളക്‌ടര്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്‌തില്ലെന്ന്‌ വ്യക്തമായതായി മുഖ്യമന്ത്രി പറഞ്ഞു. വ്യാജമായി ജോലി സമ്പാദിച്ചവരെ പോലീസ്‌ വെരിഫിക്കേഷന്‍ പോലുമില്ലാതെ സ്ഥിരപ്പെടുത്തി. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ കളക്‌ടര്‍ കുറ്റകരമായ അനാസ്ഥയും ഗുരുതര വീഴ്‌ചയും വരുത്തിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ജീവനക്കാരുടെ അഴിമതി അന്വേഷിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തും.
തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ റവന്യൂവകുപ്പിലെ കഴിഞ്ഞ പത്തു വര്‍ഷത്തെ നിയമനങ്ങള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വിഭാഗത്തിന്റെ പ്രത്യേക സെല്‍ വിശദമായി പരിശോധിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം