ചര്‍ച്ചയ്ക്കു തയാറെന്നു സര്‍ക്കാര്‍ : സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

September 9, 2013 പ്രധാന വാര്‍ത്തകള്‍

private bus1കൊച്ചി: വേഗപ്പൂട്ട് പരിശോധന മോട്ടോര്‍ വാഹന വകുപ്പ് കര്‍ശനമാക്കിയതിനെ തുടര്‍ന്ന് സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു. സമരം പിന്‍വലിച്ചാല്‍ ചര്‍ച്ചയാകാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനു പിന്നാലെയാണ് തീരുമാനമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്തു വെച്ച് ചര്‍ച്ച നടക്കും. എന്നാല്‍ പ്രതിഷേധം ഭയന്ന് പരിശോധനയില്‍ നിന്ന് പിന്മാറില്ലെന്ന് കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു.

വേഗപ്പൂട്ടിന് സര്‍ക്കാര്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് ബസ്സുടമകള്‍ മുന്നോട്ടു വച്ചിട്ടുള്ളത്. 2005ല്‍ വേഗമാനക സംവിധാനം നടപ്പിലാക്കുമ്പോള്‍ നിശ്ചയിച്ച 15 കമ്പനികളില്‍ 13 എണ്ണവും നിഷ്‌ക്രിയമാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത് കെല്‍ട്രോണ്‍ മുഖേന വേഗമാനകം തയ്യാറാക്കി നല്‍കണമെന്നും ബസ്സുടമകള്‍ ആവശ്യപ്പെടുന്നു.

ബസ്സുകള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കെതിരെ നടപടി എടുക്കുന്നില്ല. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ബസ്സുകളില്‍ വേഗമാനക സംവിധാനങ്ങളില്ല. അപകടങ്ങളുടെ മറ്റൊരു കാരണം റോഡുകളുടെ ശോച്യാവസ്ഥയാണെന്നും ബസ്സുടമകള്‍ കുറ്റപ്പെടുത്തി. കോഴിക്കോട്, കൊച്ചി, ഇടുക്കി ജില്ലകളില്‍ നടത്തിയ പരിശോധനകളില്‍ നൂറിലധികം ബസ്സുകളുടെ സര്‍വ്വീസ് തടയുകയും നിരവധി ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്തു.

ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്. പരിശോധന നടത്തിയ ബസ്സുകളില്‍ അമ്പത് ശതമാനവും ഒന്നുകില്‍ സ്പീഡ് ഗവേര്‍ണര്‍ ഇല്ലാത്തവയോ അല്ലെങ്കില്‍ പ്രവര്‍ത്തിക്കാത്തവയോ ആയിരുന്നു. ഇതേതുടര്‍ന്ന് വേഗപ്പൂട്ട് പ്രവര്‍ത്തിക്കാത്ത ബസുകളുടെ ഇന്നത്തെ സര്‍വീസ് റദ്ദാക്കുകയും വേഗപ്പൂട്ട് ഇല്ലാത്ത ബസ്സുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍