ഉത്പന്നവൈവിദ്ധ്യവുമായി ഐ.ആര്‍.ഡി.പി. മേള മാഞ്ഞാലിക്കുളത്ത്

September 9, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികളായ ഐ.ആര്‍.ഡി.പി./എസ്.ജി.എസ്.വൈ. പദ്ധതികളിലൂടെ വ്യക്തികളും ഗ്രൂപ്പുകളും ഉത്പാദിപ്പിച്ച വൈവിദ്ധ്യമാര്‍ന്ന ഗ്രാമീണ ഉത്പന്നങ്ങളുടെ പ്രദര്‍ശന- വിപണനമേളയ്ക്ക് ഇന്ന് (സെപ്റ്റംബര്‍ 10) മാഞ്ഞാലിക്കുളം ഗ്രൗണ്ടില്‍ തുടക്കമാകും. മേളയുടെ ഉദ്ഘാടനം രാവിലെ 10 ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും.

ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലെ കരകൗശല, കാര്‍ഷിക ഉത്പന്നങ്ങളും, ഭക്ഷ്യവിഭവങ്ങളും മലയോരമേഖലയിലെ ഉത്പന്നങ്ങളും മേളയില്‍ അണിനിരക്കും. എണ്‍പതോളം സ്റ്റാളുകളാണ് ഇതിനായി മാഞ്ഞാലിക്കുളം ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുളളത്. ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും വൈകുന്നേരം കലാപരിപാടികള്‍ ഉണ്ടായിരിക്കും. ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാന പദ്ധതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസല്‍ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മേയര്‍ അഡ്വ. കെ. ചന്ദ്രിക ആദ്യ വില്പന നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേല്‍ പവലിയന്റെ ഉദ്ഘാടനവും ജില്ലാ കളക്ടര്‍ കെ.എന്‍. സതീഷ് മുഖ്യപ്രഭാഷണവും നടത്തും. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആനാട്ജയന്‍, ബീഗം നബീസ, സുബൈദ ടീച്ചര്‍, ഉഷാ കുമാരി, മറ്റ് ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍