ഡല്‍ഹി കൂട്ടമാനഭംഗ കേസ്: സാകേത് അതിവേഗ കോടതി നാളെ വിധി പറയും

September 10, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗ കേസില്‍ സാകേത് അതിവേഗ കോടതി നാളെ വിധി പറയും. സംഭവം നടന്ന് ഒമ്പത് മാസത്തിന് ശേഷമാണ് വിധി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ കുട്ടി ഒടുവില്‍ ഡിസംബര്‍ 29ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

കുറ്റക്കാര്‍‌ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടി സ്വീകരിക്കുന്നതിനായി കേസിന്റെ വിചാരണയ്ക്ക് ഡിസംബര്‍ 23ന് ഡല്‍ഹി ഹൈക്കോടതി അതിവേഗ കോടതി സ്ഥാപിച്ചു. ബലാത്സംഗ കേസുകളിലെ ശിക്ഷ വര്‍ധിപ്പിക്കണോ എന്ന് പരിശോധിക്കാന്‍ ജസ്റ്റിസ് ജെ എസ് വര്‍മ കമ്മിറ്റിയെ നിയോഗിച്ചു. പ്രതികള്‍ക്ക് വധശിക്ഷ അല്ല ജീവിതാന്ത്യം വരെ തടവാണ് വേണ്ടതെന്ന് സമിതി ശുപാര്‍ശ ചെയ്തു. ആറ് പ്രതികളില്‍ ബസ് ഡ്രൈവര്‍ രാംസിംഗിനെ തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ മാര്‍ച്ച് 11ന് കണ്ടെത്തി. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ കുറ്റക്കാരനെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു. ജുവനൈല്‍ നിയമ പ്രകാരമുള്ള പരമാവധി ശിക്ഷയായ ദുര്‍ഗുണ പരിഹാര പഠനമാണ് ശിക്ഷ. രാം സിഗിന്റെ സഹോദരന്‍ മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് ശര്‍മ എന്നീ പ്രതികളുടെ കാര്യത്തിലാണ് അതിവേഗ കോടതി നാളെ വിധി പറയുക. ഫെബ്രുവരി അഞ്ചിനാണ് വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷന്‍  85 സാക്ഷികളെയും പ്രതിഭാഗം 17 സാക്ഷികളെയും ഹാജരാക്കി. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കൊള്ള എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍