കുടുംബശ്രീ ജെന്‍ഡര്‍ ഹെപ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു

September 11, 2013 കേരളം

തിരുവനന്തപുരം: അതിക്രമത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര സഹായവും മാര്‍ഗനിര്‍ദ്ദേശവും താത്കാലിക താമസസൗകര്യവും കൗണ്‍സിലിങും ലഭ്യമാക്കുന്ന കുടുംബശ്രീയുടെ ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം സ്‌നേഹിത പ്രവര്‍ത്തനമാരംഭിച്ചു. ശാസ്തമംഗലം പൈപ്പിന്‍മൂട് റോഡിലാണ് സ്‌നേഹിതയുടെ ഓഫീസ്. 8281770114, 0471 2313661 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ സ്‌നേഹിതയുടെ സേവനം ലഭ്യമാകും.

പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ പഞ്ചായത്ത്-സാമൂഹ്യനീതി മന്ത്രി ഡോ. എം.കെ. മുനീര്‍ സ്‌നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ ജാഗ്രതാസമിതികളെ കൂടുതല്‍ ശക്തിപ്പെടുത്തണെമന്നും അതിനുളള മാര്‍ഗങ്ങള്‍ ആരായുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 77 പഞ്ചായത്തുകള്‍ സ്ത്രീ ശിശുസൗഹൃദ പഞ്ചായത്തുകളാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സ്‌നേഹിത വളരുന്തോറും സ്ത്രീകളുടെ സംരക്ഷണം കൂടുതല്‍ ഉറപ്പുവരുത്താനും സ്ത്രീ ശാക്തീകരണം മുന്നോട്ടുകൊണ്ടുപോകാനും കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ആരോഗ്യമന്ത്രി വി.സ്. ശിവകുമാര്‍ അധ്യക്ഷനായിരുന്നു. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്നും സ്‌നേഹിത പോലുളള സംരംഭങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കുടുംബശ്രീ പുറത്തിറക്കിയ സ്‌നേഹിത ഡയറക്ടറി മേയര്‍ അഡ്വ. കെ. ചന്ദ്രിക കുടുംബശ്രീ എക്‌സി. ഡയറക്ടര്‍ കെ.ബി. വത്സലകുമാരിക്ക് കൈമാറിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌നേഹിതയുടെ മേഖലാ ഓഫീസില്‍ രണ്ട് കൗണ്‍സലര്‍മാര്‍, അഞ്ചു സര്‍വീസ് പ്രൊവൈഡേഴ്‌സ് തുടങ്ങിയവര്‍ ഉണ്ടായിരിക്കും. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളാണ് ഈ മേഖലാ ഓഫീസിന്റെ കീഴില്‍ വരിക. എറണാകുളം, മലപ്പുറം ജില്ലകളില്‍ സ്‌നേഹിതയുടെ പ്രവര്‍ത്തനം ഇതിനകം ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം