അബ്രാഹ്മണന്‍ തന്ത്രിയായി; ഇനി തന്ത്രവിദ്യാപീഠത്തിന്റെ ഊഴം

September 11, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

Ed-Homam-slider-pbകേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ പുതിയ ചുവടുവയ്പ്പാണ് ദേവസ്വം ബോര്‍ഡില്‍ അബ്രാഹ്മണ തന്ത്രിയെ നിയമിച്ചുകൊണ്ടുള്ള ദേവസ്വംബോര്‍ഡിന്റെ തീരുമാനം. 1936ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം നീണ്ടകാലം കേരളത്തിന്റെ സാമൂഹ്യചരിത്രത്തില്‍ അവര്‍ണ സവര്‍ണ വ്യത്യാസത്തെ ഉന്മൂലനം ചെയ്യുന്ന മുന്നേറ്റങ്ങളൊന്നുമുണ്ടായില്ല. ഇരുപതാം നൂറ്റാണ്ടിലെ അവസാന ദശകങ്ങളില്‍ സ്വാമി സത്യാനന്ദസരസ്വതിയുടെ നേതൃത്വത്തില്‍ നടന്ന ഹൈന്ദവമുന്നേറ്റം കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന വീഥികളില്‍ വെളിച്ചം വിതറുന്ന പല നടപടികള്‍ക്കും കാരണമായി അതില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു 1985ലെ പാലിയം വിളംബരം.

താന്ത്രികാചാര്യനായിരുന്ന മാധവ്ജിയുടെ നേതൃത്വത്തില്‍ ധാര്‍മ്മികാചാര്യന്മാരും സന്ന്യാസിമാരും സാമൂഹ്യസാമൂദായിക നേതാക്കന്മാരും സംഗമിച്ചുകൊണ്ടു നടത്തിയ വിളംബരത്തിലൂടെ ഹൈന്ദവ സമൂഹത്തില്‍ അന്നുവരെ നിലനിന്നിരുന്ന താന്ത്രി മേഖലയിലെ വര്‍ണ്ണവ്യത്യാസത്തെ ഉന്മൂലനം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനമായിരുന്നു അത്. ബ്രാഹ്മണ്യം ജന്മംകൊണ്ടല്ലെന്നും മറിച്ച് കര്‍മ്മംകൊണ്ടാണെന്നും ആ വിളംബരത്തിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. ജാതി പരിഗണന കൂടാതെ ജ്ഞാനത്തിന്റെയും പാണ്ഡിത്യത്തിന്റെയും കഴിവിന്റെയും അടിസ്ഥാനത്തില്‍ തന്ത്രവിദ്യയ്ക്കും പൂജാനുഷ്ഠാന കര്‍മ്മങ്ങള്‍ക്കും ആര്‍ക്കും യോഗ്യത നേടാമെന്നായിരുന്നു ആ വിളംബരം. താന്ത്രിക മേഖലയില്‍ അബ്രാഹ്മണനായ പറവൂര്‍ ശ്രീധരന്‍ തന്ത്രി ഈ കാലഘട്ടത്തില്‍തന്നെ കര്‍മ്മംകൊണ്ട്് ബ്രാഹ്മണ്യത്തിന്റെ ഉന്നത പദവിയില്‍ എത്തിയിരുന്നു.

പാലിയം വിളംബരത്തിനുശേഷം അബ്രാഹ്മണരായ ഒട്ടനവധിപേര്‍ തന്ത്രവിദ്യാപഠനത്തിന് മുന്നില്‍ വന്നു. ഇതില്‍ പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകനായ രാകേഷുമുണ്ടായിരുന്നു. എന്നാല്‍ അബ്രാഹ്മണ ശാന്തിക്കാരെ ഉള്‍ക്കൊള്ളാന്‍ അപ്പോഴും ഹിന്ദു സമൂഹത്തിലെ ഒരു വിഭാഗം മനസ്സുകൊണ്ടു തയ്യാറായിരുന്നില്ല. 1996ല്‍ ശ്രീധരന്‍ തന്ത്രിയുടെ മകനായ രാകേഷിന് പറവൂര്‍ നീറിക്കോട് ശിവ ക്ഷേത്രത്തില്‍ ശാന്തിയായി നിയമനം ലഭിച്ചു. എന്നാല്‍ ആചാര ലംഘനം എന്നുപറഞ്ഞ് ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് ഉയര്‍ന്നതോടെ പൂജാവൃത്തി നടത്താനായില്ല. വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമയുദ്ധം സുപ്രീംകോടതിവരെയെത്തി. ബ്രാഹ്മണ്യം ജന്മത്തിലൂടെയല്ലെന്നും മറിച്ച് കര്‍മ്മത്തിലൂടെയാണെന്നുമുള്ള സുപ്രീംകോടതിയുടെ ചരിത്രപ്രസിദ്ധമായ വിധിയുണ്ടായത് അങ്ങനെയാണ്. തുടര്‍ന്നാണ് രാകേഷിന് നീറിക്കോട് വാവക്കാട് അയ്യപ്പക്ഷേത്രത്തില്‍ മേല്‍ശാന്തിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞവര്‍ഷം ദേവസ്വം ബോര്‍ഡില്‍നിന്നു രാജിവച്ച രാകേഷ് കേരളത്തിനകത്തും പുറത്തുമായി ഇരുന്നൂറോളം ക്ഷേത്രങ്ങളിലെ താന്ത്രിക സ്ഥാനം വഹിക്കുന്നു.

വൈക്കം കാലായ്ക്കല്‍ ക്ഷേത്ര ഉപദേശക സമിതിയാണ് രാകേഷിനെ തന്ത്രിയായി നിയമിക്കണമെന്ന ആവശ്യം ദേവസ്വംബോര്‍ഡിനു മുന്നില്‍ സമര്‍പ്പിച്ചത്. കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട ദേവസ്വം ബോര്‍ഡ് ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. അതോടെ ഒരു ചരിത്ര നിയോഗത്തിനാണ് രാകേഷ് അര്‍ഹനായത്. ദേവസ്വം ബോര്‍ഡിലെ ആദ്യ അബ്രാഹ്മണനായ ശാന്തിക്കാരനും തന്ത്രിയും ആകുക എന്ന അപൂര്‍വ്വ ഭാഗ്യവും രാകേഷിനുണ്ടായി. യോഗ്യത നേടിയിട്ടും പറവൂര്‍ രാജേഷിനെ ശാന്തിക്കാരനാക്കാന്‍ ആദ്യം വിമുഖത കാട്ടിയ ദേവസ്വം ബോര്‍ഡിന്റെ പ്രായശ്ചിത്തമായി വേണം പുതിയ തീരുമാനത്തെ കാണേണ്ടതെന്ന ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്.

ജാതിക്കതീതമായി എല്ലാവര്‍ക്കും ശാന്തിക്കാരാകാന്‍ യോഗ്യത നേടാനായാണ് പി. മാധവ്ജിയുടെ നേതൃത്വത്തില്‍ ആലുവയില്‍ തന്ത്രവിദ്യാപീഠം സ്ഥാപിച്ചത്. എന്നാല്‍ ഇന്നും അവിടത്തെ പ്രവേശനം അബ്രാഹ്മണര്‍ക്ക് ബാലികേറാമലയാണ്. താന്ത്രിക പഠനത്തിനു മുന്നോട്ടുവരുന്ന അബ്രാഹ്മണരെ പാരമ്പര്യത്തിന്റെയും മറ്റും പേരില്‍ ഒഴിവാക്കുകയാണ്. തന്ത്രവിദ്യാപീഠത്തില്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കുന്നതിലൂടെ മാത്രമേ സ്വാമി സത്യാനന്ദസരസ്വതിയും മാധവ്ജിയുമൊക്കെ സ്വപ്‌നംകണ്ട വര്‍ണവ്യത്യാസമില്ലാത്ത ഒരു ഹിന്ദു സമൂഹത്തെ കേരളത്തില്‍ രൂപപ്പെടുത്താന്‍ കഴിയു. അതിനുള്ള വലിയൊരു ചുവടുവയ്പ്പാണ് കാലത്തിന്റെ ചുവരെഴുത്തു വായിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് നടത്തിയിരിക്കുന്നത്. ഇനി കണ്ണു തുറക്കേണ്ടത് തന്ത്രവിദ്യാപീഠത്തിന്റെ തലപ്പത്തിരിക്കുന്നവരാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍