ഉപ്പ് തൊട്ട് കര്‍പൂരം വരെ: ഐ.ആര്‍.ഡി.പി. വിപണനമേള ശ്രദ്ധേയമാകുന്നു

September 12, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നാട്ടിന്‍പുറത്തിന്റെ നന്‍മകളുമായി സ്വയം തൊഴിലിന്റെ വൈവിധ്യം വിളിച്ചറിയിച്ചുകൊണ്ട് മാഞ്ഞാലിക്കുളത്ത് നടക്കുന്ന ഐ.ആര്‍.ഡി.പി. വിപണനമേള ശ്രദ്ധേയമാകുന്നു. ഓണക്കാലത്ത് വിരുന്നൊരുക്കാന്‍ പാകത്തില്‍ വിവിധ സാധനങ്ങള്‍ മേളയില്‍ ലഭ്യമാണ്.

പച്ചക്കറികള്‍, ഇലവര്‍ഗങ്ങള്‍ തുടങ്ങി വനമേഖലയുടെ പ്രതേ്യകതയായ തേനും, കുടംപുളിയും വരെ മേളയില്‍ ലഭ്യമാണ്. ഇതുകൂടാതെ പനയോലയിലും വാഴനാരിലും തീര്‍ത്ത വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍, സാങ്കേതിക തികവോടെ മെനഞ്ഞെടുത്ത ബാഗുകള്‍, ചെരുപ്പുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, പലതരം മണ്‍പാത്രങ്ങള്‍, ലോഷനുകള്‍ തുടങ്ങി ജീവിതത്തിന്റെ നാനാമേഖലയിലേയ്ക്കും വേണ്ട വസ്തുക്കള്‍ ഇവിടെ ലഭ്യമാണ്. വിപണി വിലയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് ലഭ്യമാകുന്നു എന്നത് വിപണനമേളയെ ശ്രദ്ധേയമാക്കുന്നു. 11 ബ്ലോക്കുകളുടേയും സജീവ പങ്കാളിത്തത്തില്‍ നടത്തുന്ന മേളയോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ആശ്വാസമാകുന്നതോടൊപ്പം സ്വയംതൊഴില്‍ പഠിക്കാനും പരിശീലിക്കാനും അതുവഴി സമൂഹത്തില്‍ തന്റേതായ ഇടം കണ്ടെത്താനും ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പ്രചോദനമാവുകയാണ് മേള. 11 ബ്ലോക്കുകളില്‍ നിന്നായി 80 ഓളം സ്റ്റാളുകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 10 ന് തുടങ്ങിയ പ്രദര്‍ശനമേള 14 ന് വൈകുന്നേരം സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍