പൊന്മുടിയെ സുന്ദരിയാക്കാന്‍ പുതിയ ഗ്രീന്‍ ആന്‍ ക്ലീന്‍ പദ്ധതി

September 12, 2013 കേരളം

തിരുവനന്തപുരം:  ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയുടെ വികസനം ലക്ഷ്യമാക്കിയുളള മൂന്നാംഘട്ട പദ്ധതിയായ ഗ്രീന്‍ പൊന്മുടി-ക്ലീന്‍ പൊന്മുടി പരിപാടിക്ക് തുടക്കമായി. പൊന്മുടിയിലെ പ്ലാസ്റ്റിക് അടക്കമുളള മാലിന്യങ്ങളെ നിര്‍മാര്‍ജനം ചെയ്യുകയും മദ്യം പൂര്‍ണമായും നിരോധിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതി പൂര്‍ണമാകുന്നതിലൂടെ ആഭ്യന്തരടൂറിസ്റ്റുകളുടെ വരവ് വര്‍ദ്ധിപ്പിച്ച് പൊന്മുടിയെ ആകര്‍ഷകമാക്കാനും കഴിയും. വനം സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജില്ലയിലെ വനംസംരക്ഷണ സമിതിയിലെ 20 ഡിവിഷനുകളില്‍നിന്നായി 292 പേരടങ്ങുന്ന അംഗങ്ങളാണ് മാലിന്യനിര്‍മാര്‍ജനത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇതുവരെയായി ഏതാണ്ട് 92 ഓളം ചാക്കുകളിലായി മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. പൊന്മുടിയെ മദ്യരഹിതമാക്കാന്‍ ഗോള്‍ഡന്‍ വാലിയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. മദ്യം കൈവശം വച്ചിരിക്കുന്ന ആളുകളെയോ വാഹനങ്ങളെയോ അകത്തേയ്ക്ക് പ്രവേശിപ്പിക്കില്ല. കുപ്പികളില്‍ കുടിവെളളം കൊണ്ടുപോകുന്നവരില്‍ നിന്ന് 50 രൂപ ഈടാക്കും. ഇവര്‍ കുപ്പി തിരികെ കൊണ്ടുപോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം പണം തിരികെ നല്‍കും. വനംസംരക്ഷണ സമിതിയുടെ ശുദ്ധീകരണ പരിപാടിയിലൂടെ ഇവിടെ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് പൊന്മുടിയുടെ പുതിയ മുഖം ആകര്‍ഷകമാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം