സഹസ്രകിരണന്‍ (ഭാഗം-3)

September 13, 2013 സനാതനം

ഡോ.എം.പി.ബാലകൃഷ്ണന്‍

വിദ്യാഭ്യാസം എന്നത് ലൗകികവിഷയങ്ങളുടെ പഠനം മാത്രമല്ലല്ലോ. അദ്ധ്യാത്മവിഷയങ്ങളും അതിലുണ്ടാവണം. അതാണ് നമ്മുടെ പാരമ്പര്യം. ആ വഴിക്കുള്ള അഭ്യാസത്തിന്റെ അരങ്ങേറ്റം കുറിച്ച ഒരു മഹാസംഭവം കുഞ്ഞന്റെ ജീവിതത്തില്‍ ഇക്കാലത്തുണ്ടായി.

സ്വന്തം പുര പഞ്ഞപ്പാടുകൊണ്ടു പൊറുതിമുട്ടിയിരുന്നുവെങ്കിലും കൊല്ലൂര്‍മഠവും പരിസരവും അക്കാലത്തു പ്രശാന്തി സന്ദായകമായിരുന്നു. ദേവീക്ഷേത്രം; ഒരു ശാസ്ത്രാക്ഷേത്രം; അപ്പുറം ഒരു കാവും കാവിനുമുമ്പില്‍ വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ശിവക്ഷേത്രവും – എല്ലാംകൂടി സത്വബുദ്ധികള്‍ക്ക് ഉന്മേഷപ്രദമായ അന്തരീക്ഷം.

പൊതുവേ നല്ല ആരോഗ്യവും പ്രസരിപ്പുമുണ്ടായിരുന്നു കുഞ്ഞന്. കൂട്ടുകാരൊത്തു കാളകളിച്ചും ഗുസ്തിപിടിച്ചും നീന്തിമറിഞ്ഞും നടന്നിരുന്ന അവന് പ്രാണികളോടെല്ലാം എന്തെന്നില്ലാത്ത കാരുണ്യം! വഴിയില്‍ കാണുന്ന പട്ടിക്കുട്ടികളേയും പൂച്ചക്കുട്ടികളേയും ശുശ്രൂക്ഷിക്കും. വേണ്ടിവന്നാല്‍ വീട്ടില്‍ കൊണ്ടു ചെന്നു സംരക്ഷിക്കും. വണ്ടിക്കാരന്റെ ചാട്ടയടി കാളകളുടെ മേലല്ല, സ്വന്തം മുതുകത്തേല്ക്കുന്ന അനുഭവം.

കൊല്ലൂര്‍ ദേവിക്കെന്നപോലെ ശാസ്താവിനും കുഞ്ഞന്‍ മാല കെട്ടിക്കൊടുക്കാറുണ്ട്. അന്നും അവിടെ പൂമാല കൊടുത്തിട്ടിറങ്ങിയപ്പോള്‍ അതിനു വടക്കുപടിഞ്ഞാറുള്ള കാവില്‍ കാവിവസ്ത്രധാരിയായ ആരോ നില്‍ക്കുന്നു. ആള്‍ വൃദ്ധനെങ്കിലും തേജസ്വിതന്നെ. അദ്ദേഹം തന്നെനോക്കി ആംഗ്യം കാട്ടി വിളിക്കുന്നതുപോലെ തോന്നി. കുഞ്ഞന്‍ തൊഴുകൈകളോടെ സന്ന്യാസിയെ സമീപിച്ചു. അവന്റെ വിടര്‍ന്ന കണ്ണുകളില്‍ ദൃഷ്ടിയൂന്നി സന്ന്യാസി ചൂണ്ടുവിരല്‍കൊണ്ടു നിറുകയില്‍ സ്പര്‍ശിച്ചു. വൈദ്യുതിപ്രസരമേറ്റപോലെ നിന്ന അവന്റെ കാതില്‍ അദ്ദേഹം ഒരു മന്ത്രം ഉപദേശിച്ചു. ‘ഇതു ബാലാസുബ്രഹ്മണ്യമന്ത്രം. നീ ഇതു ജപിച്ചു സിദ്ധിവരുത്തിക്കൊള്ളണം. നിനക്കുവേണ്ടതെല്ലാം ഇതിലുണ്ട്.’

ആ പാദങ്ങളില്‍ സാഷ്ടാംഗം പ്രണമിക്കാനേ കുഞ്ഞനു കഴിഞ്ഞുള്ളൂ. ഇത്രകാലം അന്വേഷിച്ചുനടന്ന എന്തോ ലഭിച്ചതുപോലെ. എണീറ്റു കൈകൂപ്പിനില്ക്കുന്ന ശിഷ്യനെ ശിരസ്സില്‍ കൈവച്ചനുഗ്രഹിച്ചിട്ട് ആ അജ്ഞാതഗുരു തിരിഞ്ഞുനടന്നു. അകലെ ദൃഷ്ടിപഥത്തില്‍നിന്നും മായുംവരെ കുഞ്ഞന്‍ അദ്ദേഹത്തെ നോക്കിനിന്നു.

—————————————————————————————————
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:
ഡോ.എം.പി.ബാലകൃഷ്ണന്‍
മലയാള വര്‍ഷം 1122 ല്‍ ജനിച്ചു. അച്ഛന്‍ തിരുവനന്തപുരം ഋഷിമംഗലത്തു മാധവന്‍നായര്‍. അമ്മ കന്യാകുമാരി ജില്ലയില്‍ കവിയല്ലൂര്‍ മേച്ചേരിത്തറവാട്ടില്‍ ഗൗരിക്കുട്ടിയമ്മ. സാഹിത്യം, വേദാന്തം, സംഗീതം, ജ്യോതിഷം, വാസ്തുശാസ്ത്രം, വൈദ്യം ഇവ പരിചിത മേഖലകള്‍ നെയ്യാറ്റിന്‍കരയില്‍ ഹോമിയോ പ്രാക്റ്റീസ് ചെയ്യുന്നു. ശ്രീ വിദ്യാധിരാജ വേദാന്തപഠനകേന്ദ്രം, സാരസ്വതം കലാസാഹിത്യവേദി എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.

ഇതരകൃതികള്‍ : കൊടിയേറ്റം (കവിത), എരിനീര്‍പ്പൂക്കള്‍ (കവിത), നമ്മുടെ റോസയും പൂത്തു (ബാല സാഹിത്യം), പാലടപ്പായസം (ബാലസാഹിത്യം), എന്റെ മണ്ണ് എന്റെ മാനം (ബാലനോവല്‍)

വിലാസം : ഗൗരീശങ്കരം, രാമേശ്വരം, അമരവിള പോസ്റ്റ്, നെയ്യാറ്റിന്‍കര
തിരുവനന്തപുരം, പിന്‍ – 695 122, ഫോണ്‍ : 0471-2222070

പ്രസാധകര്‍ : വിവേകം പബ്ലിക്കേഷന്‍സ്
രാമേശ്വരം, അമരവിള P.O ,
നെയ്യാറ്റിന്‍കര, തിരുവനന്തപുരം – 695 122
ഫോണ്‍: 0471-2222070

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം