ഡല്‍ഹി കൂട്ടമാനഭംഗ കേസില്‍ നാല് പ്രതികള്‍ക്കും വധശിക്ഷ

September 13, 2013 പ്രധാന വാര്‍ത്തകള്‍

delhi rape case-pbന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടമാനഭംഗ കേസില്‍ നാല് പ്രതികള്‍ക്കും വധശിക്ഷ. പ്രതികളായ മുകേഷ് സിംഗ്(26), അക്ഷയ് താക്കൂര്‍(28), പവന്‍ ഗുപ്ത(19), വിനയ് ശര്‍മ്മ(19) എന്നിവരെയാണ് സാകേത് അതിവേഗ കോടതി വധിശിക്ഷയ്ക്ക് വിധിച്ചത്. കഴിഞ്ഞ ഡിസംബര്‍ 16നാണ് ദക്ഷിണദില്ലിയില്‍ ഓടുന്ന ബസില്‍ വെച്ച് പെണ്‍കുട്ടി കൂട്ട മാനഭംഗത്തിന് ഇരയായത്. കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി 13 ദിവസങ്ങള്‍ക്ക് ശേഷം സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടിരുന്നു.

ഡല്‍ഹി കൂട്ടമാനഭംഗക്കേസ് അത്യപൂര്‍വമാ​ണെന്ന് കോടതി വിധി പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. പെണ്‍കുട്ടിയോടുള്ള പ്രതികളുടെ സമീപനം മനുഷ്യത്വരഹിതവും നിഷ്ഠൂരവുമായിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ഗൗരവത്തോടെ കാണണമെന്നും കോടതി പറഞ്ഞു. കനത്ത സുരക്ഷയിലാണ് പ്രതികളെ സാകേത് കോടതിയില്‍ ഹാജരാക്കിയത്. കേസിലെ ആറ് പ്രതികളില്‍ ഒരാളായിരുന്ന രാംസിംഗ് തീഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് 3 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്.

പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയ 13 കുറ്റങ്ങളും നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷാവിധി സംബന്ധിച്ച് പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ടിരുന്നു. വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതിഭാഗവും വാദിച്ചു. വന്യവും പ്രാകൃതവുമായി പരിഗണിക്കണമെന്നും വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തീവ്രവാദ കേസുകളിലെ പ്രതികള്‍ക്കു പോലും ജീവപര്യന്തമാണ് വിധിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. പ്രതികളുടെ പ്രായം കണക്കിലെടുത്ത് തെറ്റ് തിരുത്താന്‍ അവസരം നല്‍കണമെന്നും പീഢനക്കേസില്‍ പ്രതികളായ രാഷ്ട്രീയനേതാക്കള്‍ ശിക്ഷിക്കപ്പെടാറില്ലെന്നും വിചാരണയ്ക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കാറില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

ഫെബ്രുവരി അഞ്ചിനാണ് കേസില്‍ വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷന്‍ 85 സാക്ഷികളേയും പ്രതിഭാഗം 17 സാക്ഷികളേയും ഹാജരാക്കി. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വാദം ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിലും മറ്റു പ്രതികളുടെ സാകേത് അതിവേഗ കോടതിയിലുമാണ് നടന്നത്. പെണ്‍കുട്ടിയുടെ മരണമൊഴിയും അവള്‍ക്കൊപ്പം ബസ്സില്‍ ക്രൂരമായ ആക്രമണത്തിനിരയായ സുഹൃത്തിന്റെ മൊഴിയും കേസില്‍ നിര്‍ണായകമായിരുന്നു.

 

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍