ഡല്‍ഹി കൂട്ടമാനഭംഗം: പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ

September 13, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

editorial-Legalരാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാല്‍സംഗം സമാനതകളില്ലാത്ത സംഭവമാണ്. നിഷ്ഠൂരമായ ആ ക്രൂകൃത്യത്തിനെതിരെ രാഷ്ട്രം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി. വര്‍ത്തമാനകാല ഭാരതചരിത്രത്തില്‍ ഇതുപോലെ രാഷ്ട്രത്തിന്റെ ഹൃദയം പ്രതിഷേധാഗ്നിയായി പടര്‍ന്ന മറ്റൊരുസംഭവമില്ല. 2012 ഡിസംബര്‍ 16നാണ് ഓടുന്നബസ്സില്‍വച്ച് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായത്. ആ പെണ്‍കുട്ടിയുടെ പേരോ മുഖമോ അറിയാത്തവരാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും. എന്നിട്ടും ഈ സംഭവത്തില്‍പെട്ട പെണ്‍കുട്ടി തങ്ങളുടെ മകളോ സഹോദരിയോ അടുത്ത ബന്ധുവോ എന്നവണ്ണം ഓരോ വ്യക്തിയും വേദനിച്ചു.

സംഭവം നടന്ന് ഒമ്പത് മാസം പൂര്‍ത്തിയാകാന്‍ ഇനി രണ്ടുനാള്‍കൂടിയേ ബാക്കിയുള്ളൂ. അതിനുമുമ്പുതന്നെ ഡല്‍ഹിയിലെ സാകേത് അതിവേഗ കോടതി കേസിലെ നാലുപ്രതികള്‍ക്കും ഇന്ന് വധശിക്ഷവിധിക്കുകയായിരുന്നു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും പെണ്‍കുട്ടിയോടുള്ള പ്രതികളുടെ സമീപനം മനുഷ്യത്വരഹിതമായിരുന്നുവെന്നും നിരീക്ഷിച്ച കോടതി സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. പ്രതികളായ മുകേഷ്‌സിംഗ്, അക്ഷയതാക്കൂര്‍, പവന്‍ഗുപ്ത, വിനയ്ശര്‍മ്മ എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പ്രതികളില്‍ ഒരാള്‍ നേരത്തെ ജയിലില്‍വച്ച് തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ ജുവനൈല്‍ കോടതി മൂന്നുവര്‍ഷത്തെ ശിക്ഷവിധിച്ചിരുന്നു.

നിര്‍ഭാഗ്യയായ ആ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയ മാതാവ് കോടതിവിധിയില്‍ സന്തോഷമുണ്ടെന്നും പോലീസിനോടും കോടതിയോടും നന്ദിയുണ്ടെന്നുമാണ് പ്രതികരിച്ചത്. ഭാരതത്തിലെ നീതിന്യായവ്യവസ്ഥയുടെ അതുല്യമായ പവിത്രതയും ശക്തിയും ബോദ്ധ്യപ്പെടുത്തുന്നതാണ് ഈ വിധി. സ്ത്രീകളെ അമ്മയായും ദേവിയായും കണക്കാക്കുന്ന ചിരുപുരാതനമായ സംസ്‌കൃതിക്ക് ജന്മം നല്‍കിയ നാടാണ് ഭാരതം. അവിടെയാണ് ക്രൂരത എന്ന വാക്കുപോലും നാണിച്ചുപോകുന്ന ഈ സംഭവം അരങ്ങേറിയിരിക്കുന്നത്.

ഡല്‍ഹിസംഭവത്തോടെ ബലാല്‍സംഗകേസുകളില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷവേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. രാജ്യത്ത് നാള്‍ക്കുനാള്‍ ബലാല്‍സംഗങ്ങള്‍ വര്‍ദ്ധിക്കുകയാണ്. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും കാമാസക്തിക്കിരയാക്കുന്ന മനുഷ്യമൃഗങ്ങള്‍ ഉണ്ട്. പവിത്രമായ ബന്ധങ്ങളെപ്പോലും മാനിക്കാതെ മകളെപ്പോലും പീഡിപ്പിക്കുന്ന പല സംഭവങ്ങളും അരങ്ങേറുന്നു.

സനാതനധര്‍മ്മത്തിന്റെ ചൈതന്യവത്തായ ഈ ഭൂമിയില്‍ എന്തുകൊണ്ട് ബന്ധങ്ങളെപ്പോലും നിഷേധിച്ചുകൊണ്ട് അരുതായ്മകളും മാപ്പര്‍ഹിക്കാത്ത കൊടുംക്രൂരതകളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംമേല്‍ നടക്കുന്നു എന്നത് ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട്. ധര്‍മ്മബോധം നഷ്ടപ്പെടുകയും മൂല്യങ്ങളുടെ അടിത്തറ തകര്‍ക്കുകയും ചെയ്യുന്ന തരത്തില്‍ സമ്പത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള ഒരു ജീവിതക്രമമാണ് ഈ അവസ്ഥ സൃഷ്ടിച്ചത്.

ഡല്‍ഹിയില്‍ സംഭവിച്ചത് രാജ്യത്ത് മറ്റെവിടെയും എതുകുടുംബങ്ങളിലും സംഭവിക്കാം. അതുണ്ടാകാതിരിക്കാന്‍ ജനാധിപത്യ ഭരണക്രമത്തില്‍ നീതിന്യായ വ്യവസ്ഥ ശക്തമായി നടപ്പാക്കുകയാണ് വേണ്ടത്. വധശിക്ഷയില്‍ കുറഞ്ഞൊന്നും ബലാല്‍സംഗവീരന്മാര്‍ക്ക് നല്‍കാതിരുന്നാല്‍ നാടിനുതന്നെ നാണക്കേടാകുന്ന ഇത്തരംക്രൂരതകള്‍ക്ക് അറുതിവരുത്താന്‍കഴിയും. ആ നിലയില്‍ ഡല്‍ഹി കൂട്ടബലാല്‍സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷവിധിച്ചത് എന്തുകൊണ്ടും ഉചിതമാണ്. കാലം ആവശ്യപ്പെടുന്നതായിരുന്നു ഈ വിധി. അത് ഒരു ചരിത്രനിയോഗമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍