പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കൂട്ടായ പരിശ്രമം അത്യാവശ്യം – മന്ത്രി കെ.സി.ജോസഫ്

September 13, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാന വികസനത്തിന് ആവശ്യമായ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കൂട്ടായ പരിശ്രമം അത്യാവശ്യമെന്ന് സാംസ്‌കാരിക-ഗ്രാമവികസന വകുപ്പു മന്ത്രി കെ.സി.ജോസഫ്. തിരുവനന്തപുരത്ത് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ നടന്ന പഴം-പച്ചക്കറി വികസന പദ്ധതി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന് ഇന്നും പഴം-പച്ചക്കറി മേഖലയില്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. 12-ാം പഞ്ചവത്സര പദ്ധതി പൂര്‍ത്തിയാകുന്നതോടെ പാല്‍, പച്ചക്കറി, കോഴിമുട്ട, ഇറച്ചി, ഫ്രൂട്ട്‌സ് ഉത്പാദന രംഗത്ത് കേരളം സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ പാല്‍ ഉത്പാദന മേഖലയിലൊഴികെ കേരളത്തിന് പൂര്‍ണ്ണമായും സ്വയംപര്യാപ്തത കൈവരിക്കാനായിട്ടില്ല. പാല്‍ മേഖലയില്‍ മുന്‍പ് ഏഴുലക്ഷം ലിറ്റര്‍ വരെയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളം വാങ്ങിയിരുന്നത്. എന്നാല്‍ ഇന്ന് അത് ഒരു ലക്ഷം ലീറ്റര്‍ മാത്രമായി ചുരുങ്ങിയിട്ടുണ്ട്. രണ്ട് കൊല്ലം കൊണ്ട് പാല്‍ മേഖലയില്‍ സമഗ്രമായ മാറ്റം കൊണ്ടുവരും. അയല്‍ സംസ്ഥാനങ്ങളിലെ ചെറിയ ചലനങ്ങള്‍ പോലും കേരളത്തിന്റെ വിപണിയെ ബാധിക്കുന്ന സാഹചര്യമാണുള്ളത്. പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന് ഉപോല്‍ബലകമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കും. കൂട്ടായ പരിശ്രമങ്ങള്‍ വഴിയേ മാറ്റങ്ങള്‍ ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിപണം ചെലവഴിക്കുന്നതില്‍ കേരളം കൂടുതല്‍ മുന്നോട്ട് പോയിട്ടില്ല. ഇതിന് മാറ്റം വരണം. നഗരങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ പണം അനുവദിച്ചിരിക്കുന്നത്. മെട്രോ റെയില്‍, മോണോ റെയില്‍ മുതലായ പദ്ധതികളാണ് ഇത്തരത്തില്‍ മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തില്‍ മലയോര മേഖലകളുടെയും ഗ്രാമങ്ങളുടെയും വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കും. ഹില്‍ ഹൈവേ പദ്ധതി കൂടി ആരംഭിക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ഈ പദ്ധതിയുടെ പ്രാഥമിക പഠനം കഴിഞ്ഞെങ്കിലും ഒറ്റപ്പെട്ട മേഖലകളിലാണ് ഇതിന്റെ നിര്‍മ്മാണം നടന്നിട്ടുള്ളത്. 10,000 കോടി രൂപയുടെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിക്കാന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് അവരിലൂടെയാണ് ഹാഡയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. പദ്ധതിയുടെ ഏകോപനം സംസ്ഥാനതലത്തിലും നടത്തിപ്പ് ബ്ലോക്ക്തലത്തിലുമാണ്. ഇത് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരവും സാമ്പത്തിക പിന്‍ബലവും നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അടുത്ത പഞ്ചവത്സര പദ്ധതിയില്‍ മെച്ചപ്പെട്ട പരിഗണനയ്ക്കുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം കേരളത്തിന്റെ റോഡുകള്‍ക്കായി ലഭിച്ച ടെണ്ടറുകളില്‍ 19 എണ്ണം സിംഗിള്‍ ടെണ്ടറുകളാണ്. കേന്ദ്ര മാനദണ്ഡമനുസരിച്ച് അല്ലാത്തതിനാല്‍ ഇത് സംസ്ഥാനത്തിന് സ്വീകരിക്കാന്‍ കഴിയില്ല. കര്‍ശന ഗുണമേന്മയും അഞ്ച് വര്‍ഷ ഗാരന്റിയും ആവശ്യമായതിനാല്‍ ഇത്തരം പ്രവര്‍ത്തികളില്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് താത്പര്യവുമില്ല. ഈ സാഹചര്യത്തില്‍ പി.എം.ജി.എസ്.വൈ. റോഡുകളുടെ പ്രാഥമികതല എസ്റ്റിമേറ്റിന് നിലവിലുള്ള റേറ്റിംഗില്‍ മാറ്റംവരുത്തി മനുഷ്യാദ്ധ്വാനം കൂടുതല്‍ ഉപയോഗിക്കാവുന്നതരത്തില്‍ വേണ്ട ഭേദഗതികള്‍ വരുത്തും. പി.ഡബ്ല്യു.ഡി. റോഡുകള്‍ക്കും പി.എം.ജി.എസ്.വൈ. മാനദണ്ഡം ബാധകമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. പദ്ധതി പണം പ്രായോഗികമായി ചെലവഴിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തും. ലഭ്യമായ കേന്ദ്ര ഫണ്ട് പൂര്‍ണ്ണമായും ചെലവഴിക്കാന്‍ കഴിയാഞ്ഞ സാഹചര്യത്തില്‍ കേന്ദ്രം പ്രഖ്യാപിച്ച 50,000 കിലോമീറ്റര്‍ റോഡുകളുടെ രണ്ടാംഘട്ട പദ്ധതിയില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ല. ഒന്നാംഘട്ടം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണിത്. ഇത് ഉടന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ടാംഘട്ടമായി നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തിന് 20,000 കിലോമീറ്റര്‍ റോഡുകളുടെ അവകാശവാദം സര്‍ക്കാര്‍ കേന്ദ്രത്തിനുമുന്നില്‍ ഉന്നയിച്ചുകഴിഞ്ഞു. എം.പി.മാരുടെയും എം.എല്‍.എ.മാരുടെയും സഹകരണം ഇക്കാര്യത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ വിവിധ പഞ്ചായത്തുതലത്തിലുള്ള സഹകരണങ്ങള്‍ കൂടി ഉറപ്പാക്കി മുന്നോട്ടുപോകുമെന്നും കെ.സി.ജോസഫ്  പറഞ്ഞു.

ഹാഡ വൈസ് ചെയര്‍മാന്‍ എന്‍.ഡി.അപ്പച്ചന്‍ അദ്ധ്യക്ഷനായിരുന്നു. ഗ്രാമവികസന കമ്മീഷണര്‍ കെ.വി.മോഹന്‍കുമാര്‍, പ്ലാനിംഗ് ബോര്‍ഡ് ചീഫ് (അഗ്രികള്‍ച്ചര്‍) പി.രാജശേഖരന്‍, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ.കെ.പ്രതാപന്‍, കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എന്‍.വിജയന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.റ്റി.മാത്യു, മലയോര വികസന ഏജന്‍സി സെക്രട്ടറി എ.സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം