ഓണക്കാലത്തെ ഉത്സവഗീതങ്ങള്‍ക്കും പഞ്ഞം

September 14, 2013 കേരളം,മറ്റുവാര്‍ത്തകള്‍

Onappattukal-pbകൊച്ചി: ഓണക്കാലത്തെ ഉത്സവഗീതങ്ങള്‍ക്കും പഞ്ഞം.പഴയ പാട്ടുകളുടെ പുതിയ ശേഖരം ഒരുക്കിഓണസംഗീതവിപണി.  ഏതാനും വര്‍ഷമായി ഓണപ്പാട്ടുകളുടെ ഒരു സിഡിപോലും പുറത്തിറങ്ങിയിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ പഴയ ഗാനങ്ങള്‍ തേടിയെത്തുന്ന സംഗീതാസ്വാദകര്‍ ഏറെ. ഇവര്‍ക്കായി പഴയ പാട്ടുകളുടെ പുതിയ ശേഖരം ഒരുക്കിയിരിക്കുകയാണ് ഓണസംഗീത വിപണി. ഓണക്കാലത്തിന് കാസറ്റ്സംഗീതം മാധുര്യമേറ്റിയത് എണ്‍പതുകളിലായിരുന്നു. ഇതിനു തുടക്കമിട്ടത് ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ “തരംഗിണിയും”. പി ഭാസ്കരന്‍, ശ്രീകുമാരന്‍ തമ്പി, ബിച്ചു തിരുമല തുടങ്ങിയവരുടെ രചനകള്‍ക്ക് രവീന്ദ്രജെയിന്‍, രവീന്ദ്രന്‍ എന്നിവര്‍ പകര്‍ന്ന ഈണം യേശുദാസിന്റെ ശബ്ദസൗകുമാര്യത്തില്‍ ഒഴുകിയെത്തിയപ്പോള്‍ കാസറ്റുകള്‍ ചൂടപ്പംപോലെ വിറ്റു. ആവണിപ്പൂച്ചെണ്ട്, ചൈത്രഗീതങ്ങള്‍, പൊന്നോണ തരംഗിണി തുടങ്ങിയ കാസറ്റുകള്‍ വിപണിയില്‍ തരംഗമായി. പിന്നാലെ മാഗ്നാസൗണ്ട്, ടിപ്സ് തുടങ്ങിയ കാസറ്റ് കമ്പനികളും ഓണപ്പാട്ടുകളുമായി എത്തി. ഇതോടെ സംഗീതവിപണിയില്‍ കടുത്ത മത്സരംതന്നെയായി. തൊണ്ണൂറുകളുടെ മധ്യംവരെ ഈ പ്രവണത തുടര്‍ന്നു. 1998ല്‍ ഗിരീഷ് പുത്തഞ്ചേരി-വിദ്യാസാഗര്‍ കൂട്ടുകെട്ടില്‍ തരംഗിണി പുറത്തിറക്കിയ “തിരുവോണ കൈനീട്ട”മാണ് ഓണക്കാലത്ത് തരംഗമായ അവസാന കാസറ്റ്. പിന്നീട് ഓണപ്പാട്ടുകള്‍ക്ക് വിപണിയില്‍ പ്രിയം കുറഞ്ഞു. 2000ന്റെ മധ്യത്തോടെ ഇവ തീര്‍ത്തും ഇറങ്ങാതെയായി. ഇന്റര്‍നെറ്റിന്റെ പ്രചാരം സംഗീതവിപണിയെ ബാധിച്ചിട്ടുണ്ടെന്ന് നഗരത്തിലെ പ്രമുഖ സിഡി വ്യാപാരികള്‍ പറയുന്നു. ഓണപ്പാട്ടു മാത്രമല്ല. പഴയ കോമഡി, പാരഡി കാസറ്റുകളും ഇപ്പോള്‍ പുറത്തിറങ്ങുന്നില്ല. കാസറ്റിലും സിഡിയിലുമായി നിരവധി പതിപ്പുകള്‍ ഇറങ്ങിയ ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടിന്റെ “ദേ മാവേലി കൊമ്പത്തി”ന് ഇത്തവണയും പുതിയ പതിപ്പില്ല. മറ്റു പല പാരഡി കാസറ്റുകളും ഇതിനകം നിര്‍ത്തി.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം