തന്നെ മാത്രം ചിലര്‍ ചേര്‍ന്ന് വേട്ടയാടുന്നുവെന്ന് എസ്.ശ്രീശാന്ത്

September 14, 2013 കേരളം

കൊച്ചി: തന്നെ മാത്രം ചിലര്‍ ചേര്‍ന്ന് വേട്ടയാടുകയാണെന്ന് ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. ബിസിസിഐയുടെ വിലക്ക് വാര്‍ത്ത വന്നതിനുശേഷം ആദ്യമായി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ബിസിസിഐ വിലക്ക്. ഇതില്‍ ഏറെ നിരാശയുണ്ട്. എന്നാലും താന്‍ തിരിച്ചുവരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാവിലെ കൊച്ചിയില്‍ മടങ്ങിയെത്തിയ ശേഷമാണ് ശ്രീശാന്ത് തന്റെ ഭാഗം വിശദീകരിച്ചത്. തന്നെ മാത്രം വേട്ടയാടുന്നതെന്തെന്ന് മനസിലാകുന്നില്ല. കഴിഞ്ഞ ഒമ്പതു വര്‍ഷമായി താന്‍ ഫസ്റ് ക്ളാസ് ക്രിക്കറ്റിലുണ്ട്. ബിസിസിഐ ഇതുവരെ തന്നെ പിന്തുണച്ചിട്ടില്ല. ഇത്തവണയെങ്കിലും അതുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ബിസിസിഐയുടെ തീരുമാനത്തെ എതിര്‍ക്കാന്‍ നിസാരനായ താന്‍ ആരുമല്ല. വളരെ നാളായി ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്തൊക്കയോ ഇതിന്റെ പിന്നിലുണ്ട്. ജയിലിലല്ല എന്നതു മാത്രമാണ് ആശ്വാസം. പരിശീലനവുമായി താന്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം