തോവാളയില്‍ നിന്ന് പൂക്കളുമായി മടങ്ങവെ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

September 14, 2013 കേരളം

തിരുവനന്തപുരം: തോവാളയില്‍ നിന്ന് പൂവ് വാങ്ങി വരവെ ഓട്ടോറിക്ഷ ലോറിയില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വട്ടിയൂര്‍ക്കാവ് കുലശേഖരം ലക്ഷം വീട് കോളനിയില്‍ നാസ്(24), വട്ടിയൂര്‍ക്കാവ് കുലശേഖരം ലക്ഷം വീട് കോളനിയില്‍ ശരത്ത് (21) ആണ് മരിച്ചത്. സുഹൃത്തുക്കളും കുലശേഖരം സ്വദേശികളുമായ സെയ്ത് (24) വിനോദ് (22) എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഓണാഘോഷത്തിന്റെ ഭാഗമായി പൂവ് വാങ്ങാന്‍ ഇന്നു പുലര്‍ച്ചെ തോവാളയിലേക്ക് തിരിച്ച ഇവര്‍ പൂവുമായി മടങ്ങിവരവെ മാര്‍ത്താണ്ഡത്തിനു സമീപം കാട്ടത്തറയില്‍ വച്ചായിരുന്നു അപകടം. ഇവരുടെ ഓട്ടോറിക്ഷ നിറുത്തി ഇട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാര്യമായ പ്രഥമശുശ്രൂഷ പോലും നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരതത്ത് വഴിമധ്യേ മരണമടഞ്ഞു. നാസ് മെഡിക്കല്‍ കോളജ് പ്രവേശിപ്പിച്ച് നിമിഷങ്ങള്‍ക്കകം മരിച്ചു. നാട്ടില്‍ പ്രവര്‍ത്തനരഹിതമായി കിടന്ന ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ളബ്ബിന്റെ പുനരുദ്ധാരണത്തിനായി ഓണം വിപുലമായി ആഘോഷിക്കുന്നതിന് മുന്‍കൈ എടുത്ത യുവാക്കളുടെ മരണം കോളനിയെ നടുക്കി. എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്നിട്ട് ഇറങ്ങാറുള്ള യുവാക്കളാണിവര്‍. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തമിഴ്നാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം