വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണി ഇടപെടല്‍ ഫലപ്രദം : ഭക്ഷ്യമന്ത്രി

September 14, 2013 കേരളം

തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ വിപണി ഇടപെടുല്‍ ഏറ്റവും ഫലപ്രദമായി. അതിനാല്‍ അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കൊന്നും ഓണക്കാലത്ത് വില വര്‍ദ്ധനയോ ക്ഷാമമോ ഉണ്ടായിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടി.

നിരന്തരമായ പരിശോധനകളിലൂടെ പൊതുവിപണിയെ നിയന്ത്രിക്കുകയും റേഷന്‍ കടകളിലൂടെ പരമാവധി അരി ലഭ്യമാക്കുകയും മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ അധികം അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും സപ്ലൈകോ ശൃംഖലകളിലൂടെ ജനങ്ങള്‍ക്കരികിലെത്തിക്കുകയും ചെയ്തതാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹായകമായത്. ഇതോടൊപ്പം മെട്രോ പീപ്പിള്‍ ബസാറുകള്‍, അസംബ്ലി നിയോജകമണ്ഡലം പഞ്ചായത്തുതല ഓണം മാര്‍ക്കറ്റുകള്‍, സ്‌പെഷ്യല്‍ ഫെയറുകള്‍ എന്നിങ്ങനെ നാലുതലങ്ങളിലായി വിതരണ സംവിധാനം സജ്ജീകരിച്ച് അവശ്യ സാധനങ്ങള്‍ വിലക്കുറച്ച് ലഭ്യമാക്കിയതും വിലക്കയറ്റം നിയന്ത്രിക്കാന്‍ സഹായകമായതായും മന്ത്രി പറഞ്ഞു. ഓണക്കാലത്തെ ഭക്ഷ്യസാധന ലഭ്യതയും വിലനിലയാരവും മന്ത്രി പ്രത്യേകമായി അവലോകനം ചെയ്തു.

അരി പലവ്യഞ്ജനം എന്നിവ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ അധികം സംഭരിച്ച് വിതരണം ചെയ്തത് സാധാരണക്കാര്‍ക്ക് പ്രയോജനപ്പെട്ടതായി അവലോകനത്തില്‍ തെളിഞ്ഞു. 906 മാവേലിസ്റ്റോറുകള്‍, 370 സൂപ്പര്‍ മാര്‍ക്കറ്റുകള്‍, 19 പീപ്പിള്‍ ബസാറുകള്‍, നാല് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, 14 മൊബൈല്‍ മാവേലിസ്റ്റോറുകള്‍, രണ്ട് പ്രീമിയം സ്റ്റോറുകള്‍ ഒന്‍പത് സബ് ഡിപ്പോകള്‍ എന്നിവയിലൂടെ മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ അധികം സാധനങ്ങള്‍ ഇക്കുറി ജനങ്ങള്‍ക്ക് ലഭ്യമാക്കി. അരി, പലവ്യഞ്ജനം, പച്ചക്കറി എന്നിവയുടെ വില നിയന്ത്രിക്കുന്നതിനായി ഓണക്കാലത്ത് എല്ലാ ജില്ലകളിലേയും അരി, പലവ്യഞ്ജന, പച്ചക്കറിക്കടകളില്‍ നിരന്തര പരിശോധന നടത്തിയത് വില വര്‍ദ്ധനവിനെ ചെറുക്കാന്‍ സഹായിച്ചതായും മന്ത്രി പറഞ്ഞു.

സപ്ലൈകോ വഴി കിലോയ്ക്ക് 21 രൂപ നിരക്കില്‍ പ്രതിമാസം നല്‍കുന്ന അരിക്കു പുറമേ നാലിനം അരി പൊതുവിപണയിലേക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കിയത് അരി വില നിയന്ത്രിക്കാന്‍ ഏറെ സഹായിച്ചു. മട്ട (29), ജയ (25), കുറുവ (27), പച്ചരി (23) എന്നിവയാണ് ഇരുപതുകിലോ വീതം ഇത്തവണ അധികം നല്‍കിയത്. ഉഴുന്ന്, പരിപ്പ്, പയര്‍വര്‍ഗങ്ങള്‍ എന്നിവ രണ്ടു കിലോ വീതം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി. വെളിച്ചെണ്ണ 62 രൂപക്കും ആട്ട 12 രൂപയ്ക്കും നല്‍കിയത് പൊതുവിപണിയില്‍ ആ സാധനങ്ങളുടെ വിലക്കുറവിന് സഹായകമായി. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കിലോയ്ക്ക് 13 രൂപ നിരക്കില്‍ ഓരോ കിലോ പഞ്ചസാര ഓണക്കാലത്ത് ലഭ്യമാക്കിയത് പൊതുവിപണിയില്‍ പഞ്ചസാര വില ഉയരാതിരിക്കാന്‍ സഹായിച്ചെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം