ഹരീഷ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി

September 15, 2013 കേരളം

Hareesh Namboothiri-gvyr-1ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി പട്ടാമ്പി കീഴായൂര്‍ പള്ളിശേരി മനയില്‍ ഹരീഷ് നമ്പൂതിരി(33)യെ തെരഞ്ഞെടുത്തു. ഇന്നലെ ഉച്ചപൂജയ്ക്കു നടതുറന്നപ്പോഴായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

തന്ത്രി മഠത്തില്‍ ക്ഷേത്രം തന്ത്രി ചേന്നാസ് വാസുദേവന്‍ നമ്പൂതിരിപ്പാടുമായി കൂടിക്കാഴ്ചയ്ക്കുശേഷം യോഗ്യരായ 49 പേരുകളില്‍നിന്ന് ഇപ്പോഴത്തെ മേല്‍ശാന്തി തിയന്നൂര്‍ ശ്രീധരന്‍ നമ്പൂതിരിയാണു ഹരീഷ് നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.

പൂജകള്‍ക്കു പരികര്‍മിയായി പ്രവര്‍ത്തിച്ചുവരുകയാണു ബികോം ബിരുദധാരിയായ ഹരീഷ് നമ്പൂതിരി. നാലാം തവണയാണു ഗുരുവായൂര്‍ മേല്‍ശാന്തിയാവാന്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. നറുക്കുവീണതു ഗുരുവായൂരപ്പന്റെയും ഗുരുക്കന്‍മാരുടെയും അനുഗ്രഹവും അമ്മയുടെ പ്രാര്‍ഥനയും മൂലമാണെന്നു ഹരീഷ് നമ്പൂതിരി പറഞ്ഞു. അണ്ടലാടി ചെറിയ നാരായണന്‍ നമ്പൂതിരി, മലയ പട്ടേരി അഷ്ടമൂര്‍ത്തി നമ്പൂതിരി എന്നിവരില്‍നിന്നാണു പൂജകള്‍ അഭ്യസിച്ചത്. അച്ഛന്‍ ശാസ്ത്രശര്‍മന്‍ നമ്പൂതിരി നാലുവര്‍ഷം മുമ്പാണു മരിച്ചത്. അമ്മ പുതുക്കാട് ഭസ്മത്തില്‍ മേക്കാട്മന ശ്രീദേവി അന്തര്‍ജനം. പട്ടാമ്പി സെന്റ് പോള്‍സ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ അധ്യാപിക മഞ്ചേരി മുഞ്ഞുരുളിമന ദീപയാണു ഭാര്യ.

19 മുതല്‍ ക്ഷേത്രത്തിലെ ഭജനയ്ക്കും 30ന് അത്താഴപൂജയ്ക്കുംശേഷം സ്ഥാനചിഹ്നമായ ശ്രീകോവിലിന്റെ താക്കോല്‍ക്കൂട്ടം വാങ്ങി ഹരീഷ് നമ്പൂതിരി മേല്‍ശാന്തിയായി ചുമതലയേല്‍ക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ ആറുമാസക്കാലത്തേക്കാണ് കാലാവധി. ആറുമാസവും മേല്‍ശാന്തി ക്ഷേത്രത്തില്‍ തന്നെയാണു കഴിയുക. ക്ഷേത്രം തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റര്‍ കെ. മുരളീധരന്‍ എന്നിവരുടെയും ഭക്തരുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം