ഇന്ത്യന്‍ അമ്പാസഡറെ യുഎസില്‍ അപമാനിച്ചു

December 9, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍:യു.എസിലെ ഇന്ത്യന്‍ അമ്പാസഡര്‍ മീരാ ശങ്കറിനെ ജാക്‌സണ്‍ ഏവേഴ്‌സ്‌ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപമാനിച്ചു.
വിമാനത്താവളത്തിലെ പരിശോധനാ ക്യൂവില്‍നിന്നും മാറ്റിയ ശേഷം മീരാശങ്കറെ സെക്യൂരിറ്റി ഏജന്റ്‌ ദേഹപരിശോധന നടത്തുകയായിരുന്നു. ഡിസംബര്‍ നാലിനാണ്‌ സംഭവം നടന്നതെങ്കിലും ഇപ്പോഴാണ്‌ ഇക്കാര്യം പുറത്തുവന്നത്‌. മിസിസിപ്പി സര്‍വ്വകലാശാലയിലെ പരിപാടിയില്‍ പങ്കെടുത്തശേഷം ബാള്‍ടിമോറിലേക്ക്‌ പോകാനായി എയര്‍പ്പോര്‍ട്ടിലെത്തിയതായിരുന്നു അവര്‍.
നയതന്ത്രതിരിച്ചറിയല്‍ രേഖകള്‍ കാണിച്ചശേഷമായിരുന്നു ഈ സംഭവമെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു. സാരിയുടുത്ത്‌ എത്തിയ മീരാശങ്കറിനെ ഫുള്‍ബോഡി സ്‌കാനര്‍ ഇല്ലാത്തതിനാലാണ്‌ കൈകൊണ്ട്‌ പരിശോധന നടത്തിയതെന്നാണ്‌ അധികൃതരുടെ വിശദീകരണം. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നും വക്താവ്‌ ഡാന്‍ ടര്‍ണര്‍ പറഞ്ഞു. യു.എസിലെ ആദ്യ ഇന്ത്യന്‍ വനിതാ അമ്പാസഡറുകൂടിയാണ്‌ മീരാ ശങ്കര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍