ആറന്മുള വള്ളസദ്യയില്‍ വന്‍തിരക്ക്

September 15, 2013 കേരളം

കോഴഞ്ചേരി : ആറന്മുള വള്ളസദ്യയില്‍ വന്‍തിരക്ക്. ഉത്രട്ടാതി ജലോത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ വളളസദ്യയ്ക്ക് തിരക്കേറുന്നു. ശനിയാഴ്ച പ്രശസ്ത സിനിമാതാരം സുരേഷ്ഗോപി, ഹൈക്കോടതി ജഡ്ജി പി.ഡി. രാജന്‍ എന്നിവരുടെ വഴിപാട് സദ്യകള്‍ നടന്നു. ളാഹ ഇടയാറന്മുള പള്ളിയോത്തിനായിരുന്നു പി. ഡി. രാജന്റെ വള്ളസദ്യ. വള്ളസദ്യയില്‍ പങ്കെടുക്കാന്‍ നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, മുന്‍ എംഎല്‍എ എ. പത്മകുമാര്‍ എ ന്നിവര്‍ പങ്കെടുത്തു. ആറന്മുള ക്ഷേത്രത്തിലെ പ്രശസ്തമായ വള്ളസദ്യയില്‍ പങ്കെടുക്കാന്‍ പ്രമുഖ ചലചിത്രനടന്‍ ഭരത് സുരേഷ്ഗോപി കുടുംബമായാണ് എത്തിയത്. ഇടയാറന്മുള കിഴക്ക് പള്ളിയോടത്തിനായിരുന്നു വള്ളസദ്യ. രാവിലെ 7.45ന് ക്ഷേത്രത്തിലെത്തിയ സുരേഷ്ഗോപിയെയും കുടുംബത്തെയും ബന്ധുവായ മാലേത്ത് ബാബുരാജും നടമംഗലത്ത് വിജയനും കൂടിയാണ് സ്വീകരിച്ചത്. ക്ഷേത്രമതിലകത്തെത്തിയ സുരേഷ് ഗോപി കൊടിമരത്തിന്റെ മുമ്പില്‍ നിലവിളക്ക് കൊളുത്തിയതിനുശേഷമാണ് നിറപറ നിറച്ചത്. തുടര്‍ന്ന് ഇടയാറന്മുള പള്ളിയോട കടവിലെത്തി വെറ്റപാക്ക് പള്ളിയോടത്തില്‍ സമര്‍പ്പിച്ചു. മകന്‍ മാധവ് പള്ളിയോടത്തില്‍ കയറിയാണ് ക്ഷേത്രക്കടവിലെത്തിയത്. ക്ഷേത്രക്കടവിലെത്തിയ പള്ളിയോടത്തേയും തുഴച്ചില്‍കാരേയും പാര്‍ഥസാരഥി സ്തുതികളാലും താലപ്പൊലിയേന്തിയ ബാലികമാരുടെ അകമ്പടിയോടെയാണ് ക്ഷേത്രമതിലകത്തേക്ക് സ്വീകരിച്ചത്. സുരേഷ് ഗോപിയെ കൂടാതെ ഭാര്യ രാധിക, മക്കളായ ഗോകുല്‍, ബാബിനി, മാധവ്, സിനിമാനടി ജോമോള്‍ എന്നിവരും സദ്യയില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം