അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു

September 15, 2013 പ്രധാന വാര്‍ത്തകള്‍

ഭുവനേശ്വര്‍: ഇന്ത്യയുടെ ഭൂഖണ്ഡാന്തര ആണവ ബാലിസ്റ്റിക് മിസൈലായ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു. ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്ന് ഇന്ന് രാവിലെ 8.43നായിരുന്നു വിക്ഷേപണം നടന്നത്. നിരവധി തവണ മാറ്റി വെച്ചതിന് ശേഷമാണ് രണ്ടാമത്തെ അഗ്‌നി 5 മിസൈല്‍ ഇന്ന് വിക്ഷേപിച്ചത്.

അഗ്‌നി 5 ഇപ്പോള്‍ ഇന്ത്യയുടെ മിസൈല്‍ ശേഖരത്തിലെ ഏറ്റവും പ്രഹരശേഷി കൂടിയ മിസൈലാണ്. 5000 കിലോ മീറ്ററാണ് ഇതിന്റെ ദൂര പരിധി. ഒരു ടണ്ണിലേറെ അണ്വായുധം വഹിക്കുന്നതിനുള്ള ശേഷിയുള്ള മിസൈലിന് പതിനേഴ് മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമുണ്ട്.

അഗ്നി-5 ഇനി 4 പരീക്ഷണ വിക്ഷേപണങ്ങള്‍ കൂടി നടത്തും. 2015ഓടെ ആറു പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി പൂര്‍ണ്ണ സജ്ജമായി കഴിയുന്ന അഗ്‌നി 5 ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകും.

2012 ഏപ്രില്‍ 19നാണ് ഇന്ത്യ ആദ്യമായി അഗ്‌നി 5 മിസൈല്‍ പരീക്ഷിച്ചത്. വിക്ഷേപണം വിജയമായതോടെ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഭൂഖണ്ഡാന്തര മിസൈല്‍ സ്വന്തമായുള്ള രാജ്യമെന്ന കീര്‍ത്തിയും ഇന്ത്യയ്ക്ക് സ്വന്തം.

 

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍