കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്‌സിഡി അനുവദിക്കരുതെന്ന് സുപ്രീംകോടതി

September 16, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: കെഎKSRTC_nonac_lowfloorസ്ആര്‍ടിസിക്ക് ഡീസല്‍ സബ്‌സിഡി അനുവദിക്കുന്നതിനെ അനുകൂലിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കെഎസ്ആര്‍ടിസിക്ക് സബ്‌സിഡി അനുവദിക്കേണ്ട ആവശ്യമില്ലെന്നും സ്ഥാപനം നഷ്ടത്തിലായത് ദുര്‍ഭരണം മൂലമാണെന്നും നിരീക്ഷിച്ചാണ് സുപ്രീംകോടതി നിര്‍ണായകമായ വിധി പ്രഖ്യാപനം നടത്തിയത്. സുപ്രീംകോടതിവിധി ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സബ്‌സിഡി നിരക്കില്‍ കെഎസ്ആര്‍ടിസിക്ക് ഇനി ഇന്ധനം ലഭിക്കില്ല. കെഎസ്ആര്‍ടിസി ബസുകളുടെ ഓട്ടം നിലയ്ക്കുന്നതിലേക്കാകും ഇത് എത്തിക്കുക.

ഡീസല്‍ ഇറക്കുമതിയില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനത്തെ ചോദ്യം ചെയ്യാനാകില്ല. കെഎസ്ആര്‍ടിസി നഷ്ടത്തിലാണെങ്കില്‍ ചാര്‍ജ് വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ കോടതി ജനപ്രതിനിധികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യയാത്ര അനുവദിക്കുന്നതിനെയും ചോദ്യം ചെയ്തു.

കെഎസ്ആര്‍ടിസിയെ എണ്ണകമ്പനികള്‍ വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍ പെടുത്തിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. ഇതോടെ പൊതുവിപണിയിലേക്കാള്‍ അധികതുകയ്ക്ക് ഇന്ധനം വാങ്ങേണ്ട ഗതികേടിലാണ് കെഎസ്ആര്‍ടിസി.

തീരുമാനം നടപ്പിലായതോടെ ഡീസല്‍ വാങ്ങാനാകാതെ മിക്ക ഡിപ്പോകളിലെയും പകുതിയോളം സര്‍വീസുകള്‍ ദിവസങ്ങളോളം മുടങ്ങുകയും യാത്രാക്ലേശം രൂക്ഷമാകുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ എണ്ണകമ്പനികളുടെ തീരുമാനത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത്. ഇതിനെതിരേയായിരുന്നു എണ്ണകമ്പനികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം സബ്‌സിഡി നല്‍കാനാകില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സബ്‌സിഡിയില്ലാതെ കെഎസ്ആര്‍ടിസിക്കു മുന്നോട്ടുപോകാനാകില്ലെന്നും മന്ത്രി പറഞ്ഞു.

 

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍