വാഹനാപകടത്തില്‍പ്പെട്ട യുവാക്കളെ ഋഷിരാജ് സിംഗ് ആശുപത്രിയിലെത്തിച്ചു

September 17, 2013 കേരളം

ചേര്‍ത്തല: ദേശീയപാതയില്‍ വാഹനാപകടത്തില്‍പ്പെട്ട രണ്ടു യുവാക്കളെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ആശുപത്രിയിലെത്തി. ദേശീയപാതയില്‍ മായിത്തറയ്ക്കു സമീപം ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനായിരുന്നു സംഭവം നടന്നത്. ബൈക്കപകടത്തില്‍ കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാര്‍ഡ് സുബീഷ് ഭവനില്‍ ശിവദാസന്റെ മകന്‍ സുബീഷ് (27), പാറവേലിച്ചിറ സുരേന്ദ്രന്റെ മകന്‍ സുജിത് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോറിക്ഷയെ മറികടക്കുമ്പോള്‍ മറിയുകയായിരുന്നു.

അപകടത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു റോഡില്‍ കിടന്ന ഇരുവരെയും എറണാകുളത്തേക്ക് പോകുകയായിരുന്ന ഋഷിരാജ് സിംഗ് തന്റെ ഔദ്യോഗിക വാഹനം നിര്‍ത്തി നാട്ടുകാരുടെ സഹായത്തോടെ ചേര്‍ത്തലയിലെ കെവിഎം ആശുപത്രിയില്‍ എത്തിച്ചു.  കുട്ടനാട് ജോയിന്റ് ആര്‍ടി ഓഫീസ് ഉദ്ഘാടനം കഴിഞ്ഞ് എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. അപകടത്തില്‍പ്പെട്ട യുവാക്കള്‍ക്ക് ആവശ്യമായ ചികിത്സാ സൌകര്യം ഒരുക്കാന്‍ അദ്ദേഹം ആശുപത്രി അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. വിവരമറിഞ്ഞു ചേര്‍ത്തലയില്‍നിന്ന് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ആശുപത്രിയില്‍ എത്തിയിരുന്നു.

യുവാക്കളുടെ തലയ്ക്കു പരിക്കുള്ളതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയശേഷമാണ് ഋഷിരാജ് സിംഗ് മടങ്ങിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം