ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണ കണക്കെടുപ്പ്: ആര്‍ .ബി .ഐയുടെ നീക്കം വെല്ലുവിളി

September 18, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

PB-editorial-RBIക്ഷേത്രങ്ങളിലെ സ്വര്‍ണ്ണ ശേഖരത്തിന്റെ കണക്കെടുപ്പ് ആവശ്യപ്പെട്ടുകൊണ്ട് റിസര്‍വ് ബാങ്ക് കത്തയച്ചത് വന്‍ വിവാദമുയര്‍ത്തിയിരിക്കുകയാണ്. ഇത് പ്രതിഷേധാര്‍ഹമായ നടപടി എന്നു മാത്രമല്ല ഹൈന്ദവ സമൂഹത്തോടുളള വെല്ലുവിളി കൂടിയാണ്. ആര്‍.ബി.ഐയുടെ കത്തിന് മറുപടി നല്‍കേണ്ടതില്ലെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി തീരുമാനിച്ചത്. ഇത് അഭിനന്ദനാര്‍ഹമായ തീരുമാനമാണ്. മറ്റു ക്ഷേത്രങ്ങളുടെ ഭരണസമിതികളും ഇതേ നിലപാടുമായി മുന്നോട്ടുപോയി ഹൈന്ദവ സമൂഹത്തിനെതിരെയുള്ള വെല്ലുവിളി നേരിടാന്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണം.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യമായ നിധി ശേഖരത്തിന്റെ  കണക്കെടുപ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ല. അതിന്റെ മൂല്യം എത്ര വരുമെന്ന് ആര്‍ക്കും പറയാനും കഴിയില്ല. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണത്തിന്റെ മൂല്യത്തെക്കാളധികം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിധിശേഖരമുണ്ടാകാനാണ് സാധ്യത. അതിന്റെ പുരാവസ്തു മൂല്യം കൂടി കണക്കെടുക്കുമ്പോള്‍ കണക്കുകള്‍ ഭാവനയില്‍പ്പോലും കാണാന്‍ കഴിയാത്തവണ്ണം വലുതായി മാറും. അന്താരാഷ്ട്ര ശ്രദ്ധപോലും പിടിച്ചുപറ്റിയ ഒരു വിഷയമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം. ഇതോടെയാണ് മറ്റു ക്ഷേത്രങ്ങളിലും ഇത്രത്തോളമില്ലെങ്കിലും പുരാവസ്തു മൂല്യമുള്ള നിധി ശേഖരമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാരിലെ ഹൈന്ദവവിരുദ്ധ ലോബി കണക്കുകൂട്ടിയിരിക്കുന്നത്. ഇത് അറിയുക എന്ന ലക്ഷ്യമാണ് റിസര്‍വ് ബാങ്ക് നീക്കത്തിനു പിന്നിലുള്ളത്.

ന്യൂനപക്ഷമെന്ന നിലയില്‍ ക്രൈസ്തവര്‍ക്ക് ഓരോ വര്‍ഷവും വിദേശത്തുനിന്ന് എത്തുന്ന പണത്തിന് യാതൊരു കണക്കുമില്ല. ആ പണം ഇവിടെ സ്ഥാവര ജംഗമ വസ്തുക്കളായി അവര്‍ മാറ്റുകകയാണ്. ഇതിന്റെ കണക്കൊന്നും ഇതുവരെയും ആരും പരിശോധിക്കാന്‍പോലും തയ്യാറായിട്ടില്ല. മുസ്ലീം വിഭാഗങ്ങള്‍ക്ക് ഫണ്ടു വരുന്നതിലേറെയും ഹവാല മുതലായ നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെയാണ്. കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലുയര്‍ന്നുവന്ന മുസ്ലീം പള്ളികളുടെ എണ്ണം ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. കോടികള്‍ ചെലവിട്ടാണ് ഓരോ പള്ളിയും പണിതുയര്‍ത്തുന്നത്. ക്രൈസ്തവര്‍ക്കു ലഭിക്കുന്ന ഫണ്ട് മതപരിവര്‍ത്തനത്തിനായി മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും പടുത്തുയര്‍ത്താന്‍ ഉപയോഗിക്കുന്നു. ഇതെല്ലാം തനി കച്ചവടക്കണ്ണോടെയാണ് അവര്‍ നടത്തുന്നത്. സേവനമെന്ന പദം ഒരു മറയായി ഇതിനൊക്കെ ഉപയോഗിക്കുന്നുവെന്നു മാത്രം. ഈ വിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ കണക്കുകളോ അവരുടെ ആസ്തിയെക്കുറിച്ചോ പരിശോധിക്കാന്‍ ഒരു നീക്കവും നടത്താത്ത റിസര്‍വ് ബാങ്കാണ് ഹൈന്ദവരുടെ ക്ഷേത്രങ്ങളെ ലക്ഷ്യമിടുന്നത്.

ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണവും മറ്റ് നിധികളും അവകാശപ്പെട്ടത് ഹൈന്ദവ ജനകോടികള്‍ക്കു മാത്രമാണ്. അതില്‍ കൈ കടത്താനുള്ള ഏതു നീക്കവും വന്‍ പ്രത്യാഘാതത്തിനു വഴിയൊരുക്കും. ഹൈന്ദവ സമൂഹത്തിന്റെ വളര്‍ച്ചയെ തടയുക എന്ന മുഖ്യ ലക്ഷ്യമുമായാണ് ഇത്തരമൊരു നീക്കത്തിന് റിസര്‍വ് ബാങ്ക് രംഗത്തിറങ്ങിയിരിക്കുന്നത്്. കേന്ദ്ര സര്‍ക്കാരില്‍ ഹൈന്ദവവിരുദ്ധ നിലപാടുമായി മുന്നോട്ടുപോകുന്നു ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കാന്‍ വകയുണ്ട്. വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതോടൊപ്പം ഹൈന്ദവ സമൂഹത്തെ താളര്‍ത്തുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

ഭരണഘടനാനുസൃതമായി എല്ലാവര്‍ക്കും തുല്യമായ അവകാശങ്ങളുള്ള ഒരു സമൂഹത്തില്‍ ഹൈന്ദവ ആരാധനാലയങ്ങളിലെ സ്വര്‍ണ്ണത്തിന്റെ കണക്കെടുപ്പുമാത്രം നടത്താനുള്ള നീക്കം എന്ത് വിലകൊടുത്തും ഹൈന്ദവസമൂഹം ചെറുക്കുമെന്ന് ഉറപ്പാണ്. സ്വര്‍ണത്തിന്റെ കണക്കെടുപ്പു നടത്താനുള്ള നീക്കത്തില്‍നിന്ന് റിസര്‍വ് ബാങ്ക് എത്രയും വേഗം പിന്തിരിയുകയാണ് ഉചിതമായ മാര്‍ഗ്ഗം.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍