കരമന-കളിയിക്കാവിള റോഡ്: ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കണം – മുഖ്യമന്ത്രി

September 19, 2013 കേരളം

തിരുവനന്തപുരം: കരമന-കളിയിക്കാവിള റോഡ് വികസനത്തിന്റെ ഭാഗമായി കരമന മുതല്‍ കാരയ്ക്കാമണ്ഡപം വരെയുള്ള മേഖലയിലെ ഭൂമിയേറ്റെടുക്കല്‍ നടപടി അതിവേഗം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഇതു സംബന്ധിച്ച യോഗത്തില്‍ കരമന-പ്രാവച്ചമ്പലം സ്ഥലമേറ്റെടുക്കല്‍ ഒക്ടോബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 100 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ചതില്‍ ബാക്കിയുള്ളതും ഇനി ആവശ്യമുള്ളതുമായ തുക അടിയന്തരമായി അനുവദിക്കും. ഒക്ടോബര്‍ അവസാനത്തിനുമുമ്പ് നഷ്ടപരിഹാരം നല്‍കി ഭൂമി എറ്റെടുത്ത് കഴിഞ്ഞാലുടന്‍ ടെണ്ടര്‍ നടപടികള്‍ തുടങ്ങണമെന്ന് മുഖ്യമന്ത്രി റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. കേന്ദ്ര സഹമന്ത്രി ശശി തരൂര്‍, മന്ത്രിമാരായ ഇബ്രാഹിം കുഞ്ഞ്, വി.എസ്. ശിവകുമാര്‍ ഡപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, എം.എല്‍.എ.മാരായ ശെല്‍വരാജ്, ജമീലാ പ്രകാശം, എ.ടി.ജോര്‍ജ് വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ്, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം