ഫണികനകഫണമണീ ദര്‍ശനം

September 20, 2013 സനാതനം

തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 31)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

നഭസിഘനഘട്ടന രുചിയില്‍മിന്നുന്ന
ഫണികനകഫണമണികള്‍ ഭംഗ്യാതൊഴുന്നേന്‍

Siva-kesadi-padamഅനാദ്യനന്തമായി തുടരുന്ന ശിവതാണ്ഡവത്തിന്റെ സര്‍വവ്യാപിയായ കമനീയദൃശ്യമാണ് ഇവിടെ സ്തുതിക്കപ്പെടുന്നത്. അലൗകികമായ അനന്തരൂപങ്ങള്‍ താണ്ഡവം ചെയ്യുന്ന വിരാട്ടില്‍ കാണപ്പെടുന്നു. അത് ആനന്ദത്തിന്റെയും സൗന്ദര്യത്തിന്റെയും ഘനീഭൂത രൂപവുമാണ്. ആകാശത്തിലിടഞ്ഞുപൊട്ടുന്ന മേഘമാലകളില്‍ ദീപ്തപ്രഭയോടെ ഇളകിമറിയുന്ന മിന്നല്‍ പിണരുകളുടെ ഘനശോഭയെ വെല്ലുന്നതാണ് ശൈവമായ ഓരോകണത്തിലും പ്രകടമാകുന്ന പ്രകാശധോരണി. സ്വര്‍ണ്ണാഭമായ അസംഖ്യം നാഗങ്ങള്‍ ആ വിശ്വരൂപന്റെ നൃത്തമാധുരിയില്‍ ലയിച്ച് പത്തിയുയര്‍ത്തി പത്തുദിക്കുകളും നിറഞ്ഞാടുന്നു. അവയുടെ ഫണങ്ങളെ അലങ്കരിക്കുന്ന അമൂല്യമായ മാണിക്യങ്ങള്‍ മിന്നല്‍ പിണരുകളെ ജയിക്കുന്ന ജ്യോതിര്‍മാലകളെമ്പാടും ചിതറി നാനാവര്‍ണ്ണഖചിതമായ അലൗകിക പ്രഭാപൂരം നിര്‍മ്മിക്കുന്നു. ത്രിമൂര്‍ത്തികള്‍ക്കുപോലും സുദര്‍ലഭമായ അലൗകിക ദര്‍ശനമാണിത്. യോഗികള്‍ക്കു മാത്രമേ ഈ ഏകത്വാനുഭവം സിദ്ധിക്കുകയുള്ളൂ.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം