നരേന്ദ്രമോഡി

September 20, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോഡിയെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് കാലത്തിന്റെ നിയോഗമാണ്. ഈ പ്രഖ്യാപനത്തിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പ്രതികരണങ്ങള്‍ ഉണ്ടായി. ഒരു ഭരണകര്‍ത്താവെന്നനിലയില്‍ ഗുജറാത്തില്‍ അദ്ദേഹം നടത്തിയ വികസനവും അഴിമതിയെ തുടച്ചുനീക്കിക്കൊണ്ടുള്ള നടപടികളും രാജ്യത്തുമാത്രമല്ല അന്തര്‍ദേശീയതലത്തിലും ശ്രദ്ധപിടിച്ചുപറ്റിയ സംഭവമാണ്. ഒരു ഭരണകര്‍ത്താവ് എങ്ങനെയായിരിക്കണം എന്നതിന് എടുത്തുകാട്ടാവുന്ന ഉത്തമമാതൃകയാണ് നരേന്ദ്രമോഡി.

modiji-pb-sliderരാജ്യത്തെ വര്‍ഗ്ഗീയ വിഘടന ശക്തികള്‍ ഈ പ്രഖ്യാപനത്തെ ഭയപ്പാടോടുകൂടിയാണ് വീക്ഷിക്കുന്നത്. കാരണം ഭാരതം എന്ന വികാരം നെഞ്ചിലേറ്റിയ മോഡി ഭാരതത്തിന്റെ സമഗ്രപുരോഗതിയാണ് ലക്ഷ്യമിടുന്നത്. ലോകത്തെ ഏറ്റവും ശക്തവും ഐശ്വര്യപൂര്‍ണ്ണമായ ഒരു രാഷ്ട്രമാക്കി ഭാരതം മാറണമെന്നാണ് മോഡി ആഗ്രഹിക്കുന്നത്. ഒരു സാധാരണകുടുംബത്തില്‍ ജനിച്ച മോഡി സ്വയം സേവകനായാണ് രാഷ്ട്രസേവനത്തിനായി രംഗത്തുവരുന്നത്. ഒരു സ്വയംസേവകന് എത്തിച്ചേരാന്‍ കഴിയുന്ന ഉന്നത സ്ഥാനത്തേക്കാണ് അദ്ദേഹം സ്വപ്രയത്‌നവും ഈശ്വരനിശ്ചയവുംകൊണ്ട് എത്തിച്ചേര്‍ന്നത്. ആദര്‍ശനിഷ്ഠയുടെ ബലവത്തായ അടിത്തറയില്‍ നിന്നുകൊണ്ടാണ് അദ്ദേഹം ഇക്കാലമത്രെയും പ്രവര്‍ത്തന നിരതനായത്. അതുതന്നെയാണ് ഗുജറാത്തിന്റെ വികസനത്തില്‍ പ്രതിഫലിക്കുന്നത്.

മോഡിക്ക് പിന്തുണയുമായി വി.ആര്‍.കൃഷ്ണയ്യരെപ്പോലെ പ്രായവും പക്വതയും പാണ്ഡിത്യവുംകൊണ്ട് പരിണിതപ്രജ്ഞനായ ഒരാള്‍ രംഗത്തുവന്നത് യാദൃശ്ചികമല്ല. മോഡിയോടുള്ള അദ്ദേഹത്തിന്റെ മുഖ്യ അഭ്യര്‍ത്ഥന രാഷ്ട്രത്തിന്റെ പ്രധാനശത്രുവായി തീര്‍ന്നിരിക്കുന്ന അഴിമതി ഉന്മൂലനം ചെയ്യാന്‍ മോഡി പ്രയത്‌നിക്കണമെന്നാണ്. മോഡി പ്രധാനമന്ത്രിസ്ഥാനത്തെത്തുമെങ്കില്‍ ഭാരതത്തിലെ അഴിമതി മുച്ചൂടും തുടച്ചുമാറ്റാന്‍ കഴിയുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ഗുജറാത്തില്‍ നടപ്പാക്കിയ ചില കാര്യങ്ങളോടും കൃഷ്ണയ്യര്‍ ക്രീയാത്മകമായി പ്രതികരിച്ചിട്ടുണ്ട്. ആണവശക്തിയല്ല മറിച്ച് സൗരോര്‍ജ്ജമാണ് ശക്തിപ്പെടുത്തേണ്ടതെന്നും ഇതിന് ഗുജറാത്തിനെയാണ് മാതൃകയാക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. മദ്യനിരോധനത്തിന്റെ കാര്യവും കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മതേതരത്വത്തിനും സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയ്ക്കും നിയമസഹായ പദ്ധതികള്‍ക്കും മറ്റുമായി മോഡി പ്രയത്‌നിക്കണമെന്നും കൃഷ്ണയ്യര്‍ ആവശ്യപ്പെടുന്നു. ഗുജറാത്തില്‍ അഴിമതി തുടച്ചുനീക്കപ്പെട്ടുവെന്നും സോഷ്യലിസ്റ്റുകൂടിയായ മോഡി മനുഷ്യാവകാശങ്ങള്‍ക്കും സാമൂഹികനീതിക്കും സാഹോദര്യത്തിനും ഗാന്ധിയന്‍ സംസ്‌കാരത്തിനുംവേണ്ടി നിലകൊള്ളുന്നതിനാലാണ് തന്റെ പിന്തുണയെന്നും കൃഷ്ണയ്യര്‍ പറയുമ്പോള്‍ മോഡിയെക്കുറിച്ച് അറിയേണ്ടതും പറയേണ്ടതുമെല്ലാം ആവാക്കുകളില്‍ ഉണ്ട്.

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗമായിരുന്നു കൃഷ്ണയ്യര്‍. പിന്നീട് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി. അവിടെനിന്നു വിരമിച്ചശേഷം നീതിനിഷേധങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി നിലകൊള്ളുന്ന വന്ദ്യവയോധികനാണ് കൃഷ്ണയ്യര്‍. അദ്ദേഹം പാഴ്‌വാക്ക് പറയാറില്ല. ആ വാക്കുകള്‍ക്ക് പൊന്നുവിലയാണ്. അതുകൊണ്ടുതന്നെ നരേന്ദ്രമോഡിയെക്കുറിച്ച് പറഞ്ഞ കൃഷ്ണയ്യരുടെ വാക്കുകളെ ഭാരതത്തെ സ്‌നേഹിക്കുന്ന ഒരു മനുഷ്യസ്‌നേഹിയുടെ വാക്കുകളായിതന്നെ കരുതണം.

ഗുജറാത്ത് കലാപമെന്ന മറക്കാനാഗ്രഹിക്കുന്ന ഒരു കറുത്ത അദ്ധ്യായത്തിന്റെ പേരില്‍ ഭാരതത്തിന്റെ പ്രതീക്ഷയായി ഉയര്‍ന്നുകഴിഞ്ഞ മോഡിയെ ഇനിയും വേട്ടയാടണോ എന്ന് മനുഷ്യാവകാശത്തിന്റെയും കപട മതേതരത്വത്തിന്റെയും പേരില്‍ ഉറ്റംകൊള്ളുന്നവര്‍ ഗൗരവമായി ചിന്തിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍