ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന് കേരളം

September 21, 2013 ദേശീയം

ന്യൂഡല്‍ഹി: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന് കേരളം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഹരിത ട്രിബ്യൂണല്‍ ഹര്‍ജി പരിഗണിക്കുന്നത് തടയണമെന്ന് സുപ്രീംകോടതിയില്‍ കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന നീക്കമാണ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. ഇതിലുള്ള ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പാക്കണമെന്നാണ് പരിസ്ഥിതി സംഘടനയായ ഗോവാ ഫൗണ്ടേഷന്റെ ആവശ്യം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്മേലുള്ള ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന ഗോവാ ഫൗണ്ടേഷന്റെ ഹര്‍ജി തള്ളണമെന്ന കേരളത്തിന്റെ ആവശ്യം ദേശീയ ഹരിത ട്രിബ്യൂണല്‍ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കസ്തൂരിരംഗന്‍ അധ്യക്ഷനായുള്ള സമിതിയെ നിയോഗിച്ചിരുന്നു. കസ്തൂരിരംഗന്‍ സമതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതിന്മേല്‍ തുടര്‍ നടപടികള്‍ കൈക്കൊണ്ടിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം