അങ്കമാലി – ശബരി റെയില്‍പാതയ്‌ക്ക്‌ 517 കോടി രൂപയുടെ ടെന്‍ഡറിന്‌ അംഗീകാരം

December 9, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: അങ്കമാലി-ശബരി റെയില്‍പാതയുടെ വികസനത്തിനായി 517 കോടി രൂപയുടെ പദ്ധതി അടങ്കല്‍ അംഗീകരിച്ചതായി കേന്ദ്ര റെയില്‍സഹമന്ത്രി ഇ.അഹമ്മദ് അറിയിച്ചു. പാത കടന്നു പോകുന്ന പ്രദേശത്തെ എം.പി.മാര്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുക്കിയ അടങ്കല്‍ പ്രകാരം അങ്കമാലി-എരുമേലി പാതയുടെ ചെലവ് 1250 കോടി രൂപയാണ്. ഇതില്‍ 517 കോടി രൂപയുടെ എസ്റ്റിമേറ്റാണ് അംഗീകരിച്ചിട്ടുള്ളത്. ഈ പദ്ധതിക്ക് 420 ഹെക്ടര്‍ സ്ഥലമാണ് ആവശ്യം. പാതയുടെ ആറു കിലോമീറ്റര്‍ പണി ഇതിനകം പൂര്‍ത്തിയായി. ഇതിനായി എട്ടു ഹെക്ടര്‍ സ്ഥലം റെയില്‍വെ വിട്ടുകൊടുത്തു. 16 ഹെക്ടര്‍ സ്ഥലമെടുപ്പു നടപടികള്‍ക്കായി ഒരാഴ്ചയ്ക്കുള്ളില്‍ 28 കോടി രൂപ അനുവദിക്കാനും യോഗം തീരുമാനിച്ചു. റെയില്‍വെ പാതയ്ക്കായി പരിസ്ഥിതി പഠനം ആവശ്യമില്ലെന്ന് യോഗം വിലയിരുത്തി. സ്ഥലമെടുപ്പു നടപടികള്‍ക്കായി എം.പി.മാരുടെ സംഘം മുഖ്യമന്ത്രിയെക്കണ്ട് ചര്‍ച്ച നടത്തും. അങ്കമാലി-എരുമേലി പാത തിരുവനന്തപുരത്തേയ്ക്ക് നീട്ടാനുള്ള സര്‍വെ നടപടികള്‍ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.
ഇ.അഹമ്മദ്, പി.ജെ.കുര്യന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.പി.ധനപാലന്‍, പി.ടി.തോമസ്, ആന്‍േറാ ആന്‍റണി, ജോസ് കെ. മാണി, പീതാംബരക്കുറുപ്പ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. റെയില്‍വെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സഞ്ജയ് മുഖര്‍ജി, വിനയ് സിങ്, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍.രാമനാഥന്‍, ചീഫ് എന്‍ജിനിയര്‍ ജയകുമാര്‍ എന്നിവരും സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം