തിരുവനന്തപുരം മൊബിലിറ്റി ഹബിനായി കമ്പനി രൂപീകരിക്കും

September 21, 2013 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രമാക്കി മൊബിലിറ്റി ഹബ് സ്ഥാപിക്കുന്നത് സംബന്ധിച്ച സാധ്യതാ പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

ഉള്‍നാടന്‍ ജലഗതാഗതം ദേശീയപാത, റയില്‍വേ, വ്യോമഗതാഗതം തുടങ്ങി വിവിധ യാത്രാമാര്‍ഗങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുക. ഇതിനായി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കും. മൂന്നാഴ്ചയ്ക്കുള്ളില്‍ പദ്ധതി സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് നല്‍കാനാണ് കെ.എസ്.ഐ.ഡി.സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാല് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണം. മൊബിലിറ്റി ഹബിനോടനുബന്ധിച്ച് വ്യോമഗതാഗതവുമായി ബന്ധപ്പെട്ട വ്യവസായങ്ങളും പദ്ധതി ലക്ഷ്യമിടുന്നു. ഇടക്കാല റിപ്പോര്‍ട്ട് വിലയിരുത്തി തുടര്‍പരിപാടികള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖരനെ യോഗം ചുമതലപ്പെടുത്തി.

കേന്ദ്രമന്ത്രിമാരായ കെ.സി.വേണുഗോപാല്‍, ഡോ.ശശിതരൂര്‍, മന്ത്രി വി.എസ്.ശിവകുമാര്‍ വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം