ഉതൃട്ടാതി ജലോത്സവം: മാരാമണ്ണിനും കോറ്റാത്തൂരിനും മന്നംട്രോഫി

September 21, 2013 കേരളം

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവത്തില്‍ എ ഗ്രൂപ്പില്‍ മാരാമണ്‍ പള്ളിയോടവും ബി ഗ്രൂപ്പില്‍ കോറ്റാത്തൂര്‍ കൈതക്കോടി പള്ളിയോടവും ഒന്നാംസ്ഥാനത്തെത്തി മന്നം ട്രോഫി ജേതാക്കളായി. എ ഗ്രൂപ്പില്‍ മല്ലപ്പുഴശേരിയും ഓതറയും ബി ഗ്രൂപ്പില്‍ തോട്ടപ്പുഴശേരിയും പൂവത്തൂര്‍ കിഴക്കും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ജില്ലാ പഞ്ചായത്തും നല്‍കുന്ന ട്രോഫിയില്‍ മുത്തമിട്ടു. നന്നായി പാടിക്കളിച്ച് തുഴഞ്ഞ മികച്ച പള്ളിയോടങ്ങള്‍ക്കുള്ള ട്രോഫിക്ക് എ ഗ്രൂപ്പില്‍ ഇടയാറന്മുള കിഴക്ക്, കോഴഞ്ചേരി, ഉമയാറ്റുകര, പൂവത്തൂര്‍ പടിഞ്ഞാറ്, ബി ഗ്രൂപ്പില്‍ ഇടപ്പാവൂര്‍, മുതവഴി, പൂവത്തൂര്‍ കിഴക്ക്, കീക്കൊഴൂര്‍ പള്ളിയോടങ്ങള്‍ അര്‍ഹരായി.

ജലഘോഷയാത്രയോടെ ആരംഭിച്ച ജലോത്സവം സിനിമാതാരം സുരേഷ് ഗോപിയും മത്സരവള്ളംകളി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗം പി.കെ. കുമാരനും ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രാഥന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളത്തില്‍ രാജു ഏബ്രഹാം എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പി.സി. വിഷ്ണുനാഥ് എംഎല്‍എ, എഡിഎം എച്ച്. സലിംരാജ്, ജില്ലാ പോലീസ് മേധാവി പി. വിമലാദിത്യ, അസിസ്റന്റ് കളക്ടര്‍ പി.ബി. നൂഹ്, മുന്‍എംഎല്‍എമാരായ എ. പത്മകുമാര്‍, മാലേത്ത് സരളാദേവി, കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ്, ജില്ലാ പഞ്ചായത്തംഗം ആര്‍. അജയകുമാര്‍, സ്വാമി വേദാമൃത ചൈതന്യ,  അഡ്വ. കെ. അനന്തഗോപന്‍, പി. പ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം