മഴകുറഞ്ഞു; ഇടുക്കി അണക്കെട്ട് അടിയന്തിരമായി തുറക്കേണ്ടതില്ലെന്ന് ഡാം സുരക്ഷാവിഭാഗം

September 22, 2013 പ്രധാന വാര്‍ത്തകള്‍

idukki-damചെറുതോണി: വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ലെന്ന് ഡാം സുരക്ഷാവിഭാഗം ചീഫ് എന്‍ജിനിയര്‍ കെ കറുപ്പന്‍കുട്ടി അറിയിച്ചു. മഴ കുറഞ്ഞതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ അപകട സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ജലനിരപ്പ് 99 ശതമാനത്തിലെത്തിയാല്‍ മാത്രമേ അണക്കെട്ട് തുറക്കൂവെന്ന് ഡാം സുരക്ഷാ അതോറിറ്റി ഇന്നലെ പറഞ്ഞിരുന്നു. തുറക്കുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കുമെന്നും സുരക്ഷാ അതോറിറ്റി അറിയിച്ചു.

2401.68 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്. ശനിയാഴ്ചയും വൃഷ്ടിപ്രദേശത്ത് മഴ കുറവായിരുന്നു. 1.75 മില്ലീലിറ്റര്‍ മഴമാത്രമാണ് ഇന്നലെ പെയ്തത്. മൂലമറ്റത്ത് മാത്രം 18.1 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചു.

ഇതിനിടെ ഇടുക്കി ഡാം തുറക്കേണ്ടി വന്നാല്‍ എടുക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്താന്‍ എറണാകുളത്ത് അവലോകന യോഗം ചേര്‍ന്നു. വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ദുരന്ത നിവാരണ സേന സന്ദര്‍ശിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

റവന്യൂ, പോലീസ് വകുപ്പുകള്‍ക്ക് പുറമെ നേവിയും കോസ്റ്റ്ഗാര്‍ഡും കെഎസ്ഇബിയും സജ്ജമായിട്ടുണ്ട്. പെരിയാര്‍ കര കവിഞ്ഞാല്‍ വെള്ളം കയറാന്‍ സാധ്യതയുള്ള മഞ്ഞാഴി, മാട്ടുപ്പുറം, പാതാളം, ആലുവ എന്നിവിടങ്ങളില്‍ ദുരന്ത നിവാരണ സേന സന്ദര്‍ശനം നടത്തുന്നു. ആര്‍ക്കോണത്ത് നിന്ന് എത്തിയ 46 അംഗ സംഘമാണ് വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. ആശുപത്രികളില്‍ വേണ്ട സൗകര്യം ഒരുക്കാനും ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാം തുറന്നാല്‍ ജില്ലയുടെ ഏതൊക്കെ പ്രദേശങ്ങളില്‍ വെള്ളം കയറുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ റൂര്‍ക്കി ഐഐടിയെ നിയോഗിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനിച്ചു.

ഇടുക്കി ഡാം തുറക്കുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. കാഴ്ച്ചകാണാന്‍ കൂടിനില്‍ക്കരുതെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ച്ച് ഡാമായ ഇടുക്കിക്ക് ഷട്ടറുകളില്ല. അനുബന്ധ ഡാമായ ചെറുതോണി അണക്കെട്ടിന്റെ സ്പില്‍വേകള്‍ വഴിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുക. ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നാല്‍ എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകും. ഭൂതത്താന്‍കെട്ട് ഡാം വഴി കുതിച്ചൊഴുകുന്ന ജലമാണ് ജില്ലയെ ബാധിക്കുക. ദുരന്തനിവാരണ സേന അടക്കമുള്ള ക്രമീകരണങ്ങള്‍ സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മൂലമറ്റം പവര്‍ഹൗസില്‍ ആറ് ജനറേറ്ററുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉല്പാദിപ്പിച്ച് ജലനിലപ്പ് കുറയ്ക്കാനാണ് കെഎസ്ഇബി ശ്രമം. ഇതിന് മുമ്പ് രണ്ട് തവണ മാത്രമാണ് ഇടുക്കി തുറന്നിട്ടുള്ളത്. 1981 ഒക്‌ടോബര്‍ 21 നും 1992 ഒക്‌ടോബര്‍ 11നുമായിരുന്നു ഇത്. ഈ രണ്ട് തവണയും തുലാവര്‍ഷം ശക്തിപ്പെട്ടപ്പോഴായിരുന്നു ഡാം തുറന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍