കെനിയയില്‍ ഭീകരാക്രമണം: രണ്ട് ഇന്ത്യക്കാരുള്‍പ്പടെ 39 പേര്‍ കൊല്ലപ്പെട്ടു

September 22, 2013 രാഷ്ട്രാന്തരീയം

ഭീകരാക്രമണം നടന്ന നെയ്റോബിയിലെ വെസ്റ്റ് ഗേറ്റ് സെന്‍റര്‍

നെയ്‌റോബി: കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരുള്‍പ്പടെ 39 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ഷോപ്പിംങ് മാളിലാണ് ആക്രമണമുണ്ടായത്. കറുത്ത വസ്ത്രം ധരിച്ച് മുഖംമൂടി ധരിച്ചെത്തിയ സംഘം മാളിന്റെ പ്രവേശന കവാടത്തിലേക്ക് ഗ്രനേഡുകള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു വെടിവെയ്പ് നടത്തിയത്.

സംഭവത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ അല്‍ ഷബാബ് ഏറ്റെടുത്തു. കൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ എട്ട് വയസ്സുകാരനും ഉള്‍പ്പെട്ടിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡയിലെ മാനേജറുടെ മകന്‍ പരാംശു ജെയിനാണ് മരിച്ച കുട്ടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മരുന്നു കമ്പിനിയില്‍ ജോലി നോക്കുകയായിരുന്ന ശ്രിധര്‍ നടരാജനാണ്(40) കൊല്ലപ്പെട്ട മറ്റൊരാള്‍.  നയതന്ത്രജ്ഞന്‍ ഉള്‍പ്പെടെ മൂന്ന് കനേഡിയന്‍ പൗരന്‍മാരും രണ്ട് ഫ്രഞ്ച് വനിതകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നഗരത്തിലെ സുപ്രധാന കച്ചവട കേന്ദ്രമായ വെസ്റ്റ് ഗേറ്റ് സെന്ററിലാണ് അക്രമണമുണ്ടായത്.

സോമാലിയയിലേക്ക് കെനിയ സൈന്യത്തെ അയച്ചതിലുള്ള പ്രകിഷേധമായാണ് ആക്രമണം നടത്തിയതെന്ന് അല്‍ ഷബാബ് ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. തോക്കുധാരികളായ അഞ്ചംഗ സംഘം കെട്ടിടത്തിലേക്ക് ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആക്രമണം നടത്തുകയായിരുന്നു.

അതേസമയം ബന്ദികളുടെ ജീവന് ഭീഷണിയുളളതിനാല്‍ കരുതലോടെയാണ് സുരക്ഷാസേന മുന്നേറുന്നത്. സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ ശ്രദ്ധിച്ച് തീവ്രവാദികള്‍ സൈനിക നീക്കം മുന്‍കൂട്ടി അറിയുമെന്ന സാധ്യതയെ തുടര്‍ന്നാണിത്.

അക്രമത്തില്‍ 39 പേര്‍ കൊല്ലപെടുകയും 150 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനിയാത്ത ശക്തമായി അപലപിച്ചു. കൊല്ലപ്പെട്ട കുടുംബാംഗങ്ങള്‍ക്കൊപ്പം ദുഃഖം പങ്കിടുന്നതായി അദ്ദേഹം അറിയിച്ചു. 1998 ല്‍ 200 പേര്‍ കൊല്ലപെട്ട അല്‍ ക്വയ്ദ ആക്രമണത്തിന് ശേഷം കെനിയയില്‍ നടക്കുന്ന വലിയ ഭീകരാക്രമണം ആണ് വെസ്റ്റ് ഗേറ്റ് സെന്ററിലേത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം