സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ ദുരുപയോഗം തടയണമെന്ന് പ്രധാനമന്ത്രി

September 23, 2013 ദേശീയം

manmohan-singh0012ന്യൂഡല്‍ഹി: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ ദുരുപയോഗം തടയണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കലാപങ്ങള്‍ തടയേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. വര്‍ഗീയ കലാപങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടി ഉണ്ടാകും.

സോഷ്യന്‍ മീഡിയയുടേയും എസ്എംഎസിന്റേയും വന്‍തോതിലുള്ള ദുരുപയോഗം കടുത്ത ഭീഷണിയാണെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് യോഗത്തില്‍ പറഞ്ഞു. കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍ സോഷ്യന്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കലാപങ്ങളെ നേരിടുന്നത് എങ്ങനെയെന്ന് ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേന്ദ്രമന്ത്രിമാര്‍, സംസ്ഥാ മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതി. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പിന്റെ കൂടെ പശ്ചാത്തലത്തിലാണ് യോഗം.

സ്ത്രീകള്‍ക്ക് നിര്‍ഭയം സഞ്ചരിക്കാനായാലേ രാജ്യത്ത് പുരോഗതിയുണ്ടാകൂ. സത്രീകള്‍ക്കെതിരേയും പട്ടിക വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. രണ്ട് വര്‍ഷത്തിന് ശേഷമാണ് സമിതി വിളിച്ചു ചേര്‍ക്കുന്നത്. 148 അംഗങ്ങളാണ് ഉദ്ഗ്രഥന സമിതിയിലുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം