പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരേയുണ്ടായ ആക്രമണത്തില്‍ മരണം 78 ആയി

September 23, 2013 പ്രധാന വാര്‍ത്തകള്‍

പെഷവാര്‍: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരേയുണ്ടായ ഇരട്ട ചാവേറാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 78 പേര്‍ മരണമടഞ്ഞു. പെഷവാര്‍ നഗരത്തിലെ കൊഹാതി ഗേറ്റ് മേഖലയിലെ ഓള്‍ സെയിന്റ്‌സ് പള്ളിക്കുനേരേ ഇന്നലെ രാവിലെയായിരുന്നു ആക്രമണം നടന്നത്. 130 ലധികംപേര്‍ക്കു പരിക്കേറ്റു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്‌ലാമിക ഭീകരസംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം. സ്‌ഫോടനത്തിന്റെ ശക്തിയില്‍ പള്ളിയുടെ സമീപത്തെ കെട്ടിടങ്ങളും തകര്‍ന്നു. 60 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നും 120 ലധികം പേര്‍ക്കു പരിക്കേറ്റെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലേഡി റീഡിംഗ് ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അര്‍ഷാദ് ജാവേദ് അറിയിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മരിച്ച കുട്ടികളില്‍ നാലു പേര്‍ മൂന്നിനും എട്ടിനും ഇടയില്‍ പ്രായമുള്ളവരാണ്. ഒരു മുസ്‌ലിം പോലീസ് ഓഫീസറും കൊല്ലപ്പെട്ടു.

രണ്ടു ചാവേറുകളാണ് ആക്രമണത്തിനെത്തിയതെന്ന് ബോംബ് നിര്‍വീര്യമാക്കുന്ന സംഘത്തിന്റെ തലവന്‍ ഷഫാത് മുഹമ്മദ് പറ ഞ്ഞു. രണ്ടു ചാവേറുകളുടെയും ശരീരത്തില്‍ ആറു കിലോഗ്രാമിലധികം വീതം സ്‌ഫോടക വസ്തുക്കളുണ്ടായിരുന്നു. ആദ്യസ്‌ഫോടനത്തെക്കാള്‍ ശക്തിയുള്ളതായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. പള്ളിക്കു സമീപം ശരീരാവശിഷ്ടങ്ങളും വസ്ത്രങ്ങളും ചെരുപ്പുകളും ചിതറിക്കിടക്കുകയാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ക്രൈസ്തവ സമൂഹത്തിനു നേരേ നടക്കുന്ന ഏറ്റവും കടുത്ത ആക്രമണമായിരുന്നു ഇന്നലെ നടന്നത്. ഷിയാ, അഹമ്മദി വിഭാഗങ്ങള്‍ക്കുനേരെ നിരന്തരം ആക്രമണം നടക്കാറുണ്ടായിരുന്നുവെങ്കിലും ക്രൈസ്തവ സമൂഹത്തിനുനേരെ ഇത്ര രൂക്ഷമായ ആക്രമണം മുമ്പ് ഉണ്ടായിട്ടില്ല.

ഇസ്‌ലാമിക ഭീകരസംഘടനകളില്‍ നിന്ന് ക്രൈസ്തവരടക്കമുളള ന്യൂനപക്ഷങ്ങള്‍ക്കു കുറച്ചുനാളായി പാക്കിസ്ഥാനില്‍ ഭീഷണി നിലനില്‍ക്കയായിരുന്നു. വിവാദമായ മതനിന്ദാനിയമത്തിന്റെ പേരില്‍ ക്രൈസ്തവരെ പലപ്പോഴും അധികൃതര്‍ പീഡിപ്പിക്കാറുമുണ്ടായിരുന്നു.

ഇന്നലത്തെ ആക്രമണത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അപലപിച്ചു. നിരപരാധികള്‍ക്കെതിരായ ആക്രമണം ഇസ്‌ലാം മൂല്യങ്ങള്‍ക്കെതിരാണെന്നും ന്യൂനപക്ഷങ്ങള്‍ക്കൊപ്പം ഭരണകൂടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍