ക്ഷേത്രങ്ങളില്‍ സ്ഥിരമായി മോഷണം നടത്തുന്നയാളെ പോലീസ് പിടികൂടി

September 23, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സ്ഥിരമായി നിരവധി ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കേസിലെ പ്രതിയെ മോഷണശ്രമത്തിനിടെ തമ്പാനൂര്‍ പോലീസ് പിടികൂടി. നെടുമങ്ങാട് പഴകുറ്റി നഗരിക്കുന്ന് കോളനി ചറതലക്കല്‍ പുത്തന്‍വീട്ടില്‍ വാള് ഗോപു എന്ന ഗോപു(26) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുളിമൂട് ഗാന്ധാരിയമ്മന്‍ ക്ഷേത്രത്തിനടുത്ത് ഒളിച്ചിരുന്ന ഇയാളെ പോലീസ് പട്രോളിങ് സംഘമാണ് പിടികൂടിയത്. തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ തമ്പാനൂര്‍ എസ്.ഐ എസ്.അജയകുമാര്‍, സി.പി.ഒമാരായ ഫൈസല്‍, ജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗോപുവിനെ അറസ്റ്റുചെയ്തത്.

ഗോപുവിന്റെ പക്കല്‍ നിന്ന് വാള്‍, കമ്പിപ്പാര ഉള്‍പ്പെടെ മാരകായുധങ്ങള്‍ പോലീസ് പിടിച്ചെടുത്തു. മോഷണക്കേസില്‍ നേരത്തെ പിടിയിലായ ഇയാള്‍ ഇക്കഴിഞ്ഞ 7നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, ആനയറ വലിയ ഉദേശ്വരം ക്ഷേത്രം, പേട്ട കല്ലുംമൂട് ക്ഷേത്രം എന്നിവിടങ്ങളില്‍ മോഷണം നടത്തിയതിന് ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. കവടിയാര്‍ നര്‍മദാ കോംപ്ലക്‌സിലെ കട കുത്തിത്തുറന്ന് മോഷണം നടത്തിയതും പട്ടം പൊട്ടക്കുഴി ജയന്തി മെഡിക്കല്‍സില്‍ മോഷണം നടത്തിയതും ഗോപുവാണെന്ന് തമ്പാനൂര്‍ പോലീസ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍