ക്ഷേത്രം ഭാരവാഹികളെ അറസ്റ്റുചെയ്തു; വേലൂരില്‍ ഇന്ന് ഹര്‍ത്താല്‍

September 24, 2013 കേരളം

Kuthira-Velaകുന്ദംകുളം: വേലൂര്‍ വെങ്ങിലശ്ശേരി മണിമലര്‍ക്കാവ് ദേവി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളെ പോലീസ് അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ വേലൂര്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കഴിഞ്ഞ കുംഭമാസത്തില്‍ നടന്ന ‘കുതിരവേല’ ഉത്സവം അലങ്കോലപ്പെടുത്തുന്നതിന് ഒരു സംഘം അക്രമികള്‍ ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് കമ്മിറ്റി ഭാരവാഹികള്‍ പോലീസിന്റെ സഹായത്തോടെ ഇതിനെ പ്രതിരോധിക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു.  ഉത്സവത്തിനുശേഷം സ്ഥിതി ശാന്തമായി തുടരുമ്പോഴാണ് ക്ഷേത്രംട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് ബാലകൃഷ്ണന്‍നായര്‍ , കമ്മിറ്റി അംഗം ശ്രീകാന്ത് എന്നിവരെ പോലീസ് അകാരണമായി അറസ്റ്റു ചെയ്തത്.

ക്ഷേത്രാചാരങ്ങള്‍ക്കു വിരുദ്ധമായ പ്രവര്‍ത്തനങ്ങളുമായി ഉത്സവം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം ക്ഷേത്രം ഭാരവാഹികളെ അറസ്റ്റുചെയ്ത നടപടിയില്‍ ഭക്തജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഈ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ വേലൂര്‍ പഞ്ചായത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ ആചരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം