എമിറേറ്റ്‌സിന്റെ ബോസ്റ്റണ്‍ ഫ്‌ളൈറ്റുകള്‍ മാര്‍ച്ച് 10 മുതല്‍

September 23, 2013 മറ്റുവാര്‍ത്തകള്‍

Emirates Airlinesകൊച്ചി: എമിറേറ്റ്‌സിന്റെ അറ്റ്‌ലാന്റിക് ബന്ധങ്ങള്‍ കൂടുതല്‍ വിപുലമാക്കിക്കൊണ്ട് ബോസ്റ്റണിലേക്കുള്ള സര്‍വ്വീസുകള്‍ 2014 മാര്‍ച്ച് പത്തിന് ആരംഭിക്കും.  എമിറേറ്റ്‌സ് എയര്‍ലൈനിന്റെ യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്കുള്ള എട്ടാമത്തേയും വടക്കേ അമേരിക്കയിലേക്കുള്ള ഒന്‍പതാമത്തേയും വിശാല അമേരിക്കയിലേക്കുള്ള പന്ത്രണ്ടാമത്തേയും സര്‍വ്വീസായിരിക്കും ഇത്. ജി. ഇ. 90 എഞ്ചിനുമായെത്തുന്ന ബൂയിങ് 777-200 എല്‍. ആര്‍. വിമാനമായിരിക്കും ബോസ്റ്റണിലേക്കു പ്രതിദിന സര്‍വ്വീസുകള്‍ നടത്തുക.  ഇതോടെ സ്‌ക്കൈട്രാക്കിന്റെ 2013-ലെ ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ പുരസ്‌ക്കാരജോതാവ് ബോസ്റ്റണിലുമെത്തും.

അമേരിക്കന്‍ ഐക്യനാടുകളുടെ വടക്കും കിഴക്കും മേഖലകളിലേക്കു കൂടുതലായി സേവനം വ്യാപിപ്പിക്കാനാവും തങ്ങളുടെ ബോസ്റ്റണ്‍ സര്‍വ്വീസ് വഴിയൊരുക്കുകയെന്ന് എമിറേറ്റ്‌സ് എയര്‍ലൈനിന്റേയും ഗ്രൂപ്പിന്റേയും ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഹിസ് ഹൈനസ് ഷേഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ചൂണ്ടിക്കാട്ടി.

യാത്രക്കാരുടെ ഡിമാന്റിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ യു.എസ്. സര്‍വ്വീസുകള്‍ കൂടുതല്‍ വികസിപ്പിക്കേണ്ട ശരിയായ സമയം ഇതാണെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു. എമിറേറ്റ്‌സിന്റെ വരവും ദുബായിലേക്കുള്ള നോണ്‍  സ്റ്റോപ് സര്‍വ്വീസും വിനോദ സഞ്ചാര, വാണിജ്യ മേഖലകളിലെ  ബോസ്റ്റണിന്റെ ആഗോള സാന്നിധ്യം വര്‍ധിപ്പിക്കുമെന്നും ബോസ്റ്റണ്‍ മേയര്‍ തോമസ് എം. മെനിനോ പറഞ്ഞു.

മസൂച്ചുസെറ്റ്‌സിനും മേഖലയ്ക്കും പുതിയ വാണിജ്യ, വ്യാപാര അവസരങ്ങളാവും മിഡില്‍ ഈസ്റ്റിലേക്കുള്ള ഒരു നോണ്‍ സ്റ്റോപ് സര്‍വ്വീസ് വഴി ലഭ്യമാകുകയെന്ന് മസൂച്ചുസെറ്റ്‌സ് ഗവര്‍ണര്‍ ഡെവല്‍ പാട്രിക് ചൂണ്ടിക്കാട്ടി.

2014 മാര്‍ച്ച് പത്തിന് 0945-ന് ദുബായില്‍ നിന്നു തിരിക്കുന്ന ഇ.കെ. 237 1515-ന് ബോസ്റ്റണിലെത്തും. തിരിച്ചുള്ള ഇ.കെ. 238  ബോസ്റ്റണില്‍ നിന്ന് 2255-ന് പുറപ്പെട്ട് പിറ്റേ ദിവസം 1910-ന് ദുബായിലെത്തും.

ജെറ്റ്ബ്ലൂവും എമിറേറ്റ്‌സും തമ്മിലുള്ള ധാരണ പ്രകാരം എമിറേറ്റ്‌സിലെ യാത്രക്കാര്‍ക്ക് ജെറ്റബ്ലൂവിലും  ജെറ്റ്ബ്ലൂവിലെ യാത്രക്കാര്‍ക്ക് എമിറേറ്റ്‌സിലും യാത്ര ചെയ്യുകയും ട്രാവല്‍ മൈലുകള്‍ നേടുകയും ചെയ്യാനാവും. ന്യൂയോര്‍ക്കിലേക്കുള്ള സര്‍വ്വീസുമായി 2004-ലാണ് എമിറേറ്റ്‌സ് അമേരിക്കയിലേക്കുള്ള സര്‍വ്വീസുകള്‍ ആരംഭിച്ചത്.  നിലവില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ഏഴു ഗേറ്റ്‌വേകള്‍ വഴി എമിറേറ്റ്‌സ് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍